പ്രതികളെ നല്‍കിയത് പാര്‍ട്ടി; പോലിസിന് ആശ്വാസം

കണ്ണൂര്‍: ആറുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ശുഹൈബ് വധക്കേസില്‍ പോലിസിന് അല്‍പം ആശ്വാസം. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതികളില്‍ രണ്ടുപേരെ പാര്‍ട്ടി പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കി. സിപിഎം പ്രാദേശിക നേതാക്കളുടെ അകമ്പടിയോടെ മാലൂര്‍ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെയായിരുന്നു കീഴടങ്ങല്‍.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവര്‍ പ്രതികളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോലിസിന്റെ ശല്യം സഹിക്കാനാവാതെയാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിയും സംഘവും ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയ്ക്കടുത്ത് താമസിക്കുന്നവരാണ് ഇന്നലെ പോലിസില്‍ കീഴടങ്ങിയ ആകാശും റിജിന്‍ രാജും. കൂടാതെ, സിപിഎമ്മിന്റെ സൈബര്‍ പോരാളികളും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തില്ലങ്കേരി വിനീഷ് വധക്കേസിലും ഇവര്‍ പ്രതികളാണ്.
വിനീഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് നേതാവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണെന്നായിരുന്നു സിപിഎം പ്രചാരണം. എന്നാല്‍ ശുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം തുടക്കംമുതല്‍ പാളി. സിപിഎം പെരിഞ്ഞനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് റിജിന്‍രാജ്. ആകാശ് റെഡ് വോളന്റിയറും. ശുഹൈബ് വധത്തില്‍ ഇവര്‍ക്കു നേരിട്ടു പങ്കില്ലെന്നാണ് വിവരം. എന്നാല്‍ മുഖംമൂടിസംഘമെത്തിയ വാഗണര്‍ കാറില്‍ നിന്ന് മറ്റൊരു വാഹനത്തിലേക്ക് കയറാന്‍ പ്രതികളെ ഇവര്‍ സഹായിച്ചതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതു വിശദമായി പരിശോധിച്ചാണ് ആകാശിനും റിജിന്‍ രാജിനുമായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഇതിന്റെ ഭാഗമായി ജില്ലാ പോലിസ് ചീഫും സംഘവും മുടക്കോഴിമല ഉള്‍പ്പെടെ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതോടെ കടുത്ത സമ്മര്‍ദത്തിലായിരുന്നു സിപിഎം നേതൃത്വം. ഒടുവില്‍ രണ്ടു പ്രതികളെ ഹാജരാക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ഇരുവരെയും റെയ്ഡ് നടത്തി പിടികൂടിയെന്നാണ് പോലിസ് ഭാഷ്യം. ഇന്നലെയും ഏതാനും സിപിഎം പ്രവര്‍ത്തകരെ മാലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു.

RELATED STORIES

Share it
Top