പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഒരുമിച്ചു പരിഗണിക്കാമെന്ന്‌

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകളെല്ലാം ഒരുമിച്ചു പരിഗണിക്കാമെന്നു ഹൈക്കോടതി.
വിവിധ ബെഞ്ചുകളുടെ മുന്നിലുള്ള അപേക്ഷകളെല്ലാം ഒരുമിച്ചു പരിഗണിക്കാമെന്നാണ് ഇന്നലെ കേസ് കേട്ട സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്നലെ കോടതിയുടെ പരിഗണനയില്‍ എത്തിയത്. മറ്റു കോടതികളിലും ഹരജികള്‍ ഉള്ളതായി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് എല്ലാം ഒരുമിച്ചു കേള്‍ക്കാമെന്നു വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട എല്ലാവരെയും പോലിസ് പ്രതിയാക്കിയതായി പ്രതിഭാഗം വാദിച്ചു. മധു നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ പിടികൂടാന്‍ നാട്ടുകാര്‍ കാത്തിരിക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. സര്‍ക്കാര്‍ ഈ വാദങ്ങളെ എതിര്‍ത്തു. ഭക്ഷണത്തിനു വേണ്ടി അല്‍പം അരിയെടുത്തയാളെയാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ കേസുകളില്‍ പ്രതിയാണോ എന്നൊന്നും നോക്കിയല്ല കൊലക്കേസ് അന്വേഷിക്കുക. മധു നടത്തിയതു മോഷണമാണെന്ന് കരുതുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
ഒരാള്‍ അരിയോ, ബിസ്‌കറ്റോ, സ്വര്‍ണമോ എന്തു മോഷ്ടിച്ചെന്ന് ആരോപിച്ചാലും കൊല്ലാനാവുമോ എന്നു കോടതി വാക്കാല്‍ ചോദിച്ചു. നിഷ്‌കളങ്കനായ ഒരു ആദിവാസി യുവാവാണു കൊല്ലപ്പെട്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് എല്ലാ ജാമ്യാപേക്ഷകളും ഈ മാസം 20നു ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്. ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദിച്ച ശേഷം പോലിസില്‍ ഏല്‍പിച്ചത്. തലയ്ക്ക് മര്‍ദനമേറ്റ മധു പോലിസ് ജീപ്പില്‍ വച്ചു മരിക്കുകയായിരുന്നു.

RELATED STORIES

Share it
Top