പ്രണയവും പ്രതീക്ഷയും പങ്കുവയ്ക്കുന്ന 'രണ്ടുപേര്‍'

തിരുവനന്തപുരം: രണ്ടുപേര്‍’പേരു സൂചിപ്പിക്കുംപോലെ രണ്ടുപേരുടെ കഥയാണ്. ആ രണ്ടുപേര്‍ നിരവധിപേര്‍ക്ക് ജീവിതയാഥാര്‍ഥ്യങ്ങള്‍ പറഞ്ഞുതരുമെന്ന് ഉറപ്പുതരുന്നു ചിത്രത്തിന്റെ സംവിധായകന്‍ പ്രേംശങ്കര്‍. മല്‍സരത്തിനായി ഉള്‍പ്പെടുത്തിയ 100ഓളം ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഇടംനേടിയ രണ്ടു മലയാള സിനിമകളില്‍ ഒന്ന്. ആദ്യ ചിത്രം തന്നെ മല്‍സരവിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയതിന്റെ ത്രില്ലിലാണ് പ്രേംശങ്കര്‍. സിനിമയെമാത്രം സ്വപ്‌നംകണ്ടു നടന്ന കുറച്ചു കൂട്ടുകാരില്‍ നിന്ന് പടച്ചെടുത്ത‘രണ്ടുപേര്‍’മടുപ്പിക്കില്ലെന്ന് പറയുന്നു സംവിധായകന്‍. മല്‍സരവിഭാഗത്തിലെ 14ല്‍ ഒന്നാവാന്‍ സാധിച്ചെങ്കില്‍ ആ കഥയില്‍ യഥാര്‍ഥ ജീവിതം ഒളിഞ്ഞിരിപ്പുണ്ടെന്നുറപ്പിക്കാം. അവാര്‍ഡ് ചിത്രം എന്ന മുന്‍വിധിയോടെ കാണാതിരുന്നാല്‍ സിനിമ മടുപ്പിക്കില്ലെന്ന് പ്രേംശങ്കര്‍ പറയുന്നു. പ്രണയവും തകര്‍ച്ചയും പ്രമേയമാക്കിയ ചിത്രത്തില്‍ ആകസ്മികമായി നോട്ടുനിരോധനവും കടന്നുവരുന്നുണ്ട്. ഒറ്റ രാത്രിയിലെ കഥയാണ് ചിത്രം പറയുന്നത്. ബംഗളൂരു പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തില്‍ ബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും മനശ്ശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ ഇതിവൃത്തമാക്കുന്നു. പരമ്പരാഗത സിനിമാ സങ്കല്‍പ്പങ്ങള്‍ പ്രേക്ഷകര്‍ വലിച്ചെറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ സിനിമകളുടെ ശ്രേണിയിലാണ് രണ്ടുപേര്‍. ലിംഗ രാഷ്ട്രീയം ആഴത്തില്‍ ചര്‍ച്ചചെയ്യുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു ചെറിയ ചിത്രമായതുകൊണ്ടുതന്നെ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണു ചലച്ചിത്രമേള കടന്നുവന്നത്. ഇവിടെ വിജയിച്ചാല്‍ തിയേറ്ററുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പ്രേംശങ്കര്‍ പങ്കുവയ്ക്കുന്നു. സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിപിന്‍ ബേസിലും തരംഗത്തിലെ നായിക ശാന്തി ബാലകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍സുഖദ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. പ്രേംശങ്കറിന്റെ സുഹൃത്ത് അരുണ്‍കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഡിസംബര്‍ 12ന് ടാഗോര്‍ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. അതിന്റെ ആവേശം മറച്ചുവയ്ക്കാതെ അദ്ദേഹം പറയുന്നു- ചിത്രം മടുപ്പിക്കില്ല, എല്ലാവരും എത്തണേ എന്ന്...

RELATED STORIES

Share it
Top