പ്രണയവിവാഹം: വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കി

കൊച്ചി: കോളജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയരുതെന്നു ഹൈക്കോടതി. പ്രണയിച്ചു വിവാഹം കഴിച്ചവരെ കോളജില്‍ നിന്നു പുറത്താക്കിയ മാനേജ്‌മെന്റിന്റെ നടപടി റദ്ദാക്കിയാണു ഹൈക്കോടതി കോളജുകളെ താക്കീത് ചെയ്തത്. പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കോളജില്‍ നിന്നു പുറത്താക്കിയ വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളജ് ഒാഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബിബിഎ വിദ്യാര്‍ഥിനി മാളവികയും ഭര്‍ത്താവായ സീനിയര്‍ വിദ്യാര്‍ഥി വൈശാഖും നല്‍കിയ ഹരജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ വിധി.
2016-17ല്‍ ബിബിഎയ്ക്കു ചേര്‍ന്ന പെണ്‍കുട്ടി സീനിയര്‍ വിദ്യാര്‍ഥിയുമായി പ്രണയത്തിലായി. പിന്നീടു വീട്ടുകാരുടെയും കോളജ് അധികൃതരുടെയും എതിര്‍പ്പിനെ അവഗണിച്ച് വിവാഹം കഴിച്ചു. ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു വിലയിരുത്തി കോളജ് അധികൃതര്‍ ഇവരെ പുറത്താക്കി. പെണ്‍കുട്ടിക്കു കോളജില്‍ തുടര്‍ന്നു പഠിക്കണം. പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വൈശാഖിനു തന്റെ വിദ്യാഭ്യാസരേഖകള്‍ കോളജില്‍ നിന്നു വിട്ടുകിട്ടണം എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പ്രണയിച്ച് ഒളിച്ചോടി കല്യാണം കഴിച്ചത് അച്ചടക്ക വിരുദ്ധമായി കാണാനാവില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഹരജിക്കാരുടെ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു.
മാളവികയുടെ ഹാജറിലുള്ള കുറവ് സര്‍വകലാശാല വകവച്ചു നല്‍കാനും വൈശാഖിന്റെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചുനല്‍കാനും വിധിയില്‍ പറയുന്നു. പ്രണയം മനുഷ്യന്റെ സഹജമായ വികാരമാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നതു പെരുമാറ്റ ദൂഷ്യമായി കാണാനാവുമോയെന്നാണു  പരിശോധിക്കുന്നത്.
കോളജിന്റെ ഭരണം നിയന്ത്രിക്കുന്നവരുടെ വ്യക്തിപരമായ ധാര്‍മികമൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആയുധമായി അച്ചടക്ക നടപടിയെ കാണാനാവില്ല. ചിലതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്ന ചിലരുടെ നിലപാട് മറ്റു ചിലര്‍ക്ക് യുക്തിക്കു നിരക്കുന്നതാവില്ല. വിദ്യാഭ്യാസത്തിന്റെ നിലവാരവും ലക്ഷ്യവും ഉറപ്പാക്കാനുള്ള നടപടികള്‍ കോളജിന്റെ ഭരണം നടത്തുന്ന മാനേജ്‌മെന്റിന്റെ അവകാശമാണ്. എന്നാല്‍ അതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ എതിര്‍പ്പ് മറികടന്ന് ധാര്‍മിക രക്ഷാകര്‍തൃത്വം വഹിക്കാന്‍ കോളജിന് അവകാശമില്ല. പ്രണയവും ഒളിച്ചോട്ടവും ചിലര്‍ക്കു ധാര്‍മികച്യുതിയും അച്ചടക്ക ലംഘനവുമാവാം. നിയമത്തില്‍ ഇതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കോടതി ധാര്‍മികമൂല്യങ്ങളെ വിലയിരുത്തുകല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ് പരിശോധിക്കുന്നത്. കോളജിന് വിദ്യാര്‍ഥികളെ ഇത്തരത്തില്‍ പുറത്താക്കാന്‍ അധികാരമുണ്ടോയെന്നാണു പരിശോധിക്കുന്നത്. ജീവിതപങ്കാളിയെയും ജീവിതരീതിയെയും തിരഞ്ഞെടുക്കുന്നതു വ്യക്തികളുടെ വിവേചനപരമായ അധികാരമാണ്. നിയമപരമായ അനിവാര്യഘടകങ്ങള്‍ ഒഴികെ ഒരു വ്യക്തിയുടെ സ്വഭാവത്തെയോ, ധാര്‍മികമൂല്യത്തെയോ നിയന്ത്രിക്കാനാവില്ല.
പ്രണയവും ഒളിച്ചോട്ടവും എങ്ങനെയാണ് അക്കാദമിക് അച്ചടക്കത്തിനു വിരുദ്ധമാവുന്നതെന്ന് കോളജ് മാനേജ്‌മെന്റ് വിശദീകരിക്കേണ്ട കാര്യമാണ്. ഈ കേസില്‍ ഹരജിക്കാരുടെ പ്രണയവും വിവാഹവും അച്ചടക്ക നടപടി സ്വീകരിക്കേണ്ട കുറ്റമല്ലെന്നും  സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top