പ്രണയവഴിയിലെ ചതിക്കുഴികള്‍ഒരു പെണ്‍കുട്ടിയുെട ജീവിതം തന്നെ ഇല്ലാതാക്കിയ മകനോട് 'നീ അവളെ വലിച്ചെറിഞ്ഞ് നല്ലൊരു ജീവിതം കെണ്ടത്തി സുഖമായി ജീവിക്ക്' എന്ന് ഉപദേശിക്കുന്ന മാതാപിതാക്കളും ഈ സമൂഹത്തിനു വിപത്തു തന്നെയാണ്


Love-Failure

ത്രിവേണി

താനും നാളുകള്‍ക്കു മുമ്പ് ഇതേ കോളത്തില്‍ ഒരു പെണ്‍കുട്ടിയെ കുറിച്ചെഴുതിയിരുന്നു. കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് കോടതി കയറിയിറങ്ങി നിയമക്കുരുക്കുകളില്‍ പെട്ടുപോയ സ്വകാര്യ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയെ കുറിച്ച്. അന്ന് അതെഴുതുമ്പോള്‍ കോടതിയില്‍ നിന്ന് അനുകൂലവിധി പ്രതീക്ഷിച്ചു കഴിയുകയായിരുന്നു അവള്‍. നിയമം നിയമത്തിന്റെ വഴിക്കു പോയി. അതോടെ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കുകയായിരുന്നു അവള്‍. കഴിഞ്ഞ ദിവസം കോടതി വരാന്തയില്‍ കണ്ടുമുട്ടിയ അവളുടെ അഭിഭാഷകനാണ് ഇക്കാര്യം പറഞ്ഞത്. യാദൃച്ഛികമെന്നു പറയട്ടേ അന്നേ ദിവസം തന്നെ അതുപോലെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവളും കോടതിയുടെ നീതിക്കായി കാത്തിരിക്കുകയാണിപ്പോള്‍.
വര്‍ഷങ്ങളോളം നീണ്ടൊരു പ്രണയം. ഒടുവില്‍ ഇക്കഴിഞ്ഞ വര്‍ഷാരംഭത്തില്‍ ഇരുവരും സ്‌പെഷ്യല്‍ മാരേ്യജ് ആക്റ്റ് പ്രകാരം വിവാഹിതരായി. വീട്ടുകാരെ പിന്നീടു പറഞ്ഞ് അനുനയിപ്പിക്കാമെന്നു കരുതി വിവാഹക്കാര്യം രണ്ടു വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് കേരളത്തിനുപുറത്ത് ജോലി ലഭിച്ചു. എങ്കിലും വല്ലപ്പോഴും നാട്ടില്‍ വരും. അപ്പോഴൊക്കെ ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണ് ഇരുവരും ജീവിച്ചിരുന്നത്.
ഇതിനിടെ വിവാഹക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞു. അവര്‍ക്കത് വലിയ ഞെട്ടലുണ്ടാക്കി. കുടുംബക്കാര്‍ അവളെ വല്ലാതെ പീഡിപ്പിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോവേണ്ട സ്ഥിതിയായപ്പോള്‍ അവള്‍ ഭര്‍ത്താവിന്റെ വീടന്വേഷിച്ച് ഇറങ്ങി. പക്ഷേ, ഭര്‍തൃവീട്ടുകാരില്‍ നിന്ന് ഒട്ടും നല്ല സ്വീകരണമായിരുന്നില്ല അവള്‍ക്കു ലഭിച്ചത്. വ്യത്യസ്ത മതങ്ങളിലുള്ളവരായതിനാല്‍ ഭര്‍ത്താവിന്റെ മതത്തിലേക്കു പരിവര്‍ത്തനം ചെയ്തുവന്നാല്‍ സ്വീകരിക്കാമെന്നു അവര്‍ അറിയിച്ചു. പെണ്‍കുട്ടി അതിനും തയ്യാറായി.
വീട്ടില്‍ നിന്നിറങ്ങിയെങ്കിലും നിര്‍ബന്ധിതാവസ്ഥയില്‍ സ്വന്തം വീട്ടിലേക്കു തിരികെ പോയ പെണ്‍കുട്ടി മതപരിവര്‍ത്തനം ചെയ്തുകാത്തിരുന്നു. ഭര്‍ത്താവിന്റെ ജേ്യഷ്ഠനാണ് വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പറഞ്ഞയച്ചത്. എന്നാല്‍, പിന്നീട് അവള്‍ക്കു ഭര്‍ത്താവിനെ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിക്കാതായി. ഏറെ വൈകിയില്ല, വിവാഹമോചനത്തിന് കുടുംബകോടതിയില്‍ ഭര്‍ത്താവ് കേസ് നല്‍കിയതായും പെണ്‍കുട്ടി അറിഞ്ഞു.
ഇതിനിടെ ഭര്‍ത്താവിനെ അന്വേഷിച്ച് ഒരിക്കല്‍ക്കൂടി അയാളുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ സഹോദരനും വീട്ടുകാരും ചേര്‍ന്നു മര്‍ദ്ദിച്ചു. ഇതുസംബന്ധിച്ച് പോലിസ് കേസെടുക്കുകയും ചെയ്തു. നിലവില്‍ കുടുംബകോടതിയില്‍ കൗണ്‍സലിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഏഴു വര്‍ഷത്തോളം പ്രണയിച്ചപ്പോഴൊന്നും കണ്ടെത്താനാവാത്ത കുറ്റങ്ങളാണിപ്പോള്‍ പെണ്‍കുട്ടിക്കെതിരേ ഭര്‍ത്താവും വീട്ടുകാരും ആരോപിക്കുന്നത്. അതും അടിസ്ഥാനമില്ലാത്ത ചില പതിവ് ആരോപണങ്ങള്‍.
പെണ്‍കുട്ടിയാവട്ടെ സ്വന്തം സമുദായത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടു. വിദ്യാസമ്പന്നയായിരുന്ന അവള്‍ക്ക് ഈ പ്രശ്‌നം കൊണ്ടുമാത്രം ജോലി ഉപേക്ഷിക്കേണ്ടി വന്നു. മാതാവിന്റെ തണലില്‍ വീട്ടുകാരുടെ ശകാരവാക്കുകള്‍ സഹിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ് അവളിപ്പോള്‍. തന്റെ ശരീരവും മനസ്സും ഇനി മറ്റൊരാള്‍ക്കു പങ്കുവയ്ക്കാനാവില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന് അഭ്യര്‍ഥിച്ച് അവള്‍ പലരേയും സമീപിച്ചു. കരഞ്ഞു കണ്ണീര്‍വറ്റിയ ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ എല്ലാവരും നിസ്സഹായരാണ്.
ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. അതുപോലെ തന്നെ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനും. ആ സ്വാതന്ത്ര്യം ഈ പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത വ്യക്തി ഉപയോഗിക്കുമെന്നിരിക്കെ ഇവിടെ നിയമമടക്കമുള്ള എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയാവും. ദൈവത്തിന്റെ കോടതിയില്‍ മാത്രമാവും അയാള്‍ കുറ്റക്കാരനാവുക.
തന്നെ തള്ളിപ്പറയുന്ന ഒരാളെ എന്തിന് തന്റെ ജീവിതത്തോടു ചേര്‍ക്കാന്‍ ഈ പെണ്‍കുട്ടി ആഗ്രഹിക്കുന്നുവെന്നതാണ് മറ്റൊരു ചോദ്യം. പലപ്പോഴും ഇത്തരത്തില്‍ ചിന്തിക്കുന്ന പെണ്‍കുട്ടികളെ കോടതി വരാന്തയില്‍ കണ്ടുമുട്ടാറുണ്ട്, ഒരാളെ വിവാഹം കഴിച്ചുപോയാല്‍ അതോടെ തീരുന്നതാണ് ജീവിതമെന്ന ധാരണയില്‍ കഴിയുന്നവരെ. എന്നാല്‍, ഇത്തരക്കാര്‍ ജീവിതം സ്വയം തിരഞ്ഞെടുക്കുമ്പോള്‍ ഇതിലെ ചതിയെന്തെന്നു തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. ഏറെ വൈകി എല്ലാം മനസ്സിലാക്കുമ്പോള്‍ കണ്ണീര്‍ മാത്രം ബാക്കിയാവുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നമ്മുടെ പെണ്‍കുട്ടിയോട് ഇനിയെങ്കിലും സ്വയംപര്യാപ്തയായി അന്തസ്സോടെ ജീവിച്ചുകാണിക്ക് എന്ന് ഉപദേശിച്ചാല്‍ അതൊന്നും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല അവള്‍. അവള്‍ക്ക് ജോലിയേക്കാളും എല്ലാത്തിനേക്കാളും വലുത് അവള്‍ നിസ്വാര്‍ഥമായി സ്‌നേഹിച്ച വ്യക്തിയാണ്. അവനെ കിട്ടുകയെന്നതു മാത്രമാണ് ലക്ഷ്യം. മറിച്ചൊരവസ്ഥയെ കുറിച്ചു സംസാരിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഈ പെണ്‍കുട്ടിയെ എങ്ങനെയാണ് സാന്ത്വനപ്പെടുത്തേണ്ടത്? 'അയാളുടെ വീട്ടില്‍ ഒരു വേലക്കാരിയെങ്കിലുമായി എനിക്കു ജീവിച്ചാല്‍ മതി'യെന്നാണ് ഇപ്പോള്‍ അവള്‍ പറയുന്നത്.
സ്വന്തം മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ മാതാപിതാക്കള്‍ പൊറുക്കുക പതിവാണ്. എന്നാല്‍, ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയുെട ജീവിതം തന്നെ ഇല്ലാതാക്കിയ മകനോട് 'നീ അവളെ വലിച്ചെറിഞ്ഞ് നല്ലൊരു ജീവിതം കണ്ടെത്തി സുഖമായി ജീവിക്ക്' എന്ന് ഉപദേശിക്കുന്ന മാതാപിതാക്കളും ഈ സമൂഹത്തിനു വിപത്തു തന്നെയാണ്. ഇത്തരം കുടുംബക്കാരെ ഒറ്റപ്പെടുത്തുക തന്നെ വേണം. അതോടൊപ്പം സ്വയം തീരുമാനങ്ങളെടുക്കുമ്പോഴുണ്ടാവുന്ന വലിയ പ്രതിസന്ധികള്‍ നേരിടാന്‍ കഴിവില്ലാത്ത പെണ്‍കുട്ടികള്‍ ഇനിയുമുണ്ടെങ്കില്‍ അവര്‍ക്കും പാഠമാവട്ടെ ഇത്തരം ജീവിതങ്ങള്‍. പ്രണയത്തിന്റെ കടല്‍പ്പാലം അവസാനിക്കുന്നത് കടലിലാണ്.

RELATED STORIES

Share it
Top