പ്രണയത്തെ എതിര്‍ത്തു; പന്ത്രണ്ടുകാരി വളര്‍ത്തമ്മയെ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ പെണ്‍കുട്ടിയും 15 കാരനായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.


മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട സ്ത്രീയും ഭര്‍ത്താവും ദത്തെടുത്തത്. തന്നോട് സ്‌നേഹമില്ലാത്തതിനാലാണ് പ്രണയത്തെ എതിര്‍ത്തതെന്ന് തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടി വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ആണ്‍കുട്ടി വീട്ടില്‍ വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്യുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം രാത്രി വീണ്ടും ആണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയുമായിരുന്നു.കൊലപാതകത്തിന് ശേഷം പുറത്തുപോയ ഇവര്‍ അടുത്ത ദിവസമാണ് മടങ്ങിവന്നത്.
വീട്ടിലെത്തിയ പെണ്‍കുട്ടി വളര്‍ത്തമ്മക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞ് അയല്‍വാസികളെ സമീപിച്ചു. അയല്‍വാസികളാണ് മുംബൈയിലുള്ള പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനെ വിവരമറിയിച്ചത്.
എന്നാല്‍ പിന്നീട് സംശയം തോന്നിയ അയല്‍വാസികളിലൊരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു.

RELATED STORIES

Share it
Top