പ്രണയത്തിന്റെ അനാര്‍ക്കലിanarkali
11 വര്‍ഷങ്ങള്‍ക്കു മുമ്പ് നേവിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ലക്ഷദ്വീപിലെ കവരത്തി ഗ്രാമത്തില്‍, സ്‌പോര്‍ട്‌സ് ഡൈവിങ് പരിശീലകനായെത്തുന്ന ശാന്തനു എന്ന കഥാപാത്രത്തിന്റെ മുന്‍കാല ജീവിതത്തെ പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയകഥയാണ് അനാര്‍ക്കലി. 40കാരനായും 25കാരനായും മികച്ച പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചത്. ശരാശരിയിലും താഴെയുള്ള ഈ പ്രണയചിത്രത്തില്‍ രാജിവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണമിട്ട ആറു ഗാനങ്ങളുണ്ട്.


ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

anarkali1

പ്രണയം കേന്ദ്രപ്രമേയമായ രണ്ടു സിനിമകള്‍ പ്രേമവും എന്ന് നിന്റെ മൊയ്തീനും  മലയാളത്തില്‍ വലിയ വിപണി വിജയം നേടിയതിനു പിന്നാലെയാണ് മലയാളി തൃഷ്ണയെയും പ്രണയഭാവനകളെയും പ്രമേയമാക്കി അനാര്‍ക്കലി തിയേറ്ററില്‍ എത്തിയത്. എന്ന് നിന്റെ മൊയ്തീന്റെയും അമര്‍ അക്ബര്‍ അന്തോണിയുടെയും വിജയത്തിന് ശേഷം എത്തിയ അനാര്‍ക്കലി തിയേറ്ററില്‍ ആളെക്കൂട്ടിയെങ്കിലും ശരാശരി പ്രണയചിത്രമെന്ന ചട്ടക്കൂട്ടിലൊതുങ്ങാന്‍ മാത്രമേ ഈ സിനിമയ്ക്കു കഴിഞ്ഞുള്ളൂ.
ഒട്ടേറെ പുതുമകള്‍ അവകാശപ്പെട്ടാണ് അനാര്‍ക്കലി തിയേറ്ററില്‍ എത്തിയത്. ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തി ദ്വീപില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് അനാര്‍ക്കലിയെന്നാണ് പ്രത്യകതകളില്‍ ഒന്ന്. സുജിത് വാസുദേവന്റെതാണ് കാമറ.
മോസയിലെ കുതിരമീന്‍ എന്ന ന്യൂജനറേഷന്‍ സിനിമ നേരത്തേ ഇറങ്ങിയതിനാല്‍ അനാര്‍ക്കലിയിലെ ലക്ഷദ്വീപ് കാഴ്ചകള്‍ അധികം മനോഹരമായി അനുഭവപ്പെട്ടില്ല.അഞ്ചു സംവിധായകര്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും അനാര്‍ക്കലിക്കുണ്ട്. ശ്യാമപ്രസാദ്, വി കെ പ്രകാശ്, മേജര്‍ രവി, മധുപാല്‍, രണ്‍ജി പണിക്കര്‍ എന്നീ സംവിധായകരാണ് അനാര്‍ക്കലിയില്‍ അഭിനയിച്ചത്. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന വര്‍ക്കിത് ശരാശരി പ്രണയചിത്രം മാത്രം. നായകനായ പൃഥ്വിരാജിനെക്കാള്‍ പ്രകടനംകൊണ്ട്  ബിജുമേനോന്‍ ആണ് കൈയടി മുഴുവന്‍ നേടിയത്.
അനാര്‍ക്കലിയിലെ നേവി ഓഫിസറും പിന്നീട് ഡൈവിങ് പരിശീലകനുമാവുന്ന ശാന്തനു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്നത്. 11 വര്‍ഷത്തിനു ശേഷം ദ്വീപില്‍ വച്ച് കണ്ടുമുട്ടുന്ന സക്കറിയ എന്ന സുഹൃത്തായാണ് ബിജുമേനോന്‍. മലയാളത്തോടൊപ്പം കന്നഡയും തെലുങ്കും ചുവയ്ക്കുന്ന ഇസരി എന്ന ലക്ഷദ്വീപ് ഭാഷയോടെ കോയ എന്ന കഥാപാത്രമായാണ് സുരേഷ് കൃഷ്ണ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മികച്ച വേഷത്തോട് നീതി പുലര്‍ത്താന്‍ സുരേഷ് കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

167 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം 11 വര്‍ഷങ്ങള്‍ക്കു മുമ്പ് നേവിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ലക്ഷദ്വീപിലെ കവരത്തി ഗ്രാമത്തില്‍ സ്‌പോര്‍ട്‌സ് ഡൈവിങ് പരിശീലകനായെത്തുന്ന പൃഥ്വിരാജിന്റെ ശാന്തനു എന്ന കഥാപാത്രത്തിന്റെ മുന്‍കാല ജീവിതത്തെ പശ്ചാത്തലമാക്കിയുള്ള ഒരു പ്രണയകഥയാണ് അനാര്‍ക്കലി. 40കാരനായും 25കാരനായും മികച്ച പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചത്.
ശരാശരിയിലും താഴെയുള്ള ഈ പ്രണയചിത്രത്തില്‍ രാജിവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണമിട്ട ആറു ഗാനങ്ങളുണ്ട്.
മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഗാനങ്ങളോ ഈണമോ അനുഭവപ്പെട്ടില്ല. ഓര്‍ഡിനറി, പെരുച്ചാഴി, ചേട്ടായീസ്, മധുരനാരങ്ങ, ലോഹം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ എഴുതിയതും രാജിവ് നായര്‍തന്നെ. ഹൃദയസ്പര്‍ശിയായ ഒരു പ്രണയചിത്രം എന്ന പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയാല്‍ നിരാശയായിരിക്കും ഫലം.

അനാര്‍ക്കലിയെന്ന പേര്
മുഗള്‍ രാജകുമാരനായിരുന്ന ജഹാംഗീറിന്റെ കാമുകിയായിരുന്ന പേര്‍ഷ്യന്‍ നര്‍ത്തകിയായിരുന്നു അനാര്‍ക്കലി. ജഹാംഗീര്‍ അനാര്‍ക്കലിയില്‍ അനുരക്തനായതറിഞ്ഞ അക്ബര്‍ ചക്രവര്‍ത്തി കോപാകുലനായി. മരണശിക്ഷ നല്‍കുമെന്ന അക്ബറുടെ ഭീഷണിക്ക് അനാര്‍ക്കലി വഴങ്ങിയില്ല. ചക്രവര്‍ത്തി അവളെ  ജീവനോടെ തുറങ്കിലടച്ചു. ശ്വാസം കടക്കാന്‍ പോലും കഴിയാത്ത തുറങ്കല്‍. ജഹാംഗീര്‍ എന്ന സലിം രാജകുമാരന്‍ രക്ഷിക്കാന്‍ എത്തിയപ്പോഴേക്കും അനാര്‍ക്കലി മരിച്ചുകഴിഞ്ഞിരുന്നു.
ജഹാംഗീറിന്റെയും അനാര്‍ക്കലിയുടെയും വിശുദ്ധ പ്രണയത്തിന്റെ ഓര്‍മയിലാണ് ഈ ചിത്രത്തിന് അനാര്‍ക്കലിയെന്നു പേരിട്ടത്.
നാദിറ എന്ന നായിക കഥാപാത്രം ഏറെ നിരാശപ്പെടുത്തി. പ്രിയന്‍ ഗോര്‍ ആണ് നാദിറയായി വേഷമിട്ടത്. മാപ്പിളപ്പാട്ടുകളുട തേന്‍മഴയുമായി ദ്വീപിലെത്തുന്ന ചേറ്റുവ ഷാജഹാന്‍ എന്ന കഥാപാത്രമായി ജയരാജ് വാരിയരുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സുദേവ് നായരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

സംവിധായകന്‍ സച്ചി
സച്ചി-സേതു എന്ന ഇരട്ട തിരക്കഥാകൃത്തുക്കൡലെ സച്ചിയാണ് അനാര്‍ക്കലിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തന്റെ ആദ്യ സംവിധാനമായ അനാര്‍ക്കലി തിയേറ്ററില്‍ എത്തിയത്.
ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്മാന്‍, സീനിയേഴ്‌സ് എന്നീ സിനിമകള്‍ക്കാണ് സച്ചി സേതുവുമൊത്ത് തിരക്കഥയെഴുതിയത്. റണ്‍ ബേബി റണ്‍ എന്ന മോഹന്‍ലാല്‍ സിനിമയ്ക്ക് സച്ചി ഒറ്റയ്ക്കാണ് തിരക്കഥയൊരുക്കിയത്.ഒറ്റക്കടലാസ് പോലും ബാക്കിയില്ലാതെ എഴുതിയ തിരക്കഥ മുഴുവനായി ഒരു യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടിരുന്നതായി സച്ചി പറയുന്നു. എന്നെന്നേക്കുമായി നഷ്ടപ്പെട്ട ആ തിരക്കഥ അനാര്‍ക്കലിയുടെതായിരുന്നു. തിരക്കഥയൊഴിച്ച് എല്ലാമെടുത്ത് ഉപേക്ഷിച്ച ബാഗ് പിന്നീട് പോലിസില്‍ നിന്നാണ് സച്ചിന് തിരിച്ചുകിട്ടിയത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആ തിരക്കഥ സിനിമയാക്കിയത്.
biju menonസദാചാര അതിര്‍ത്തികള്‍ക്കകത്ത് വിഹരിക്കുന്നവരാണ് പുതിയ തലമുറയിലെ സംവിധായകരെന്ന് പേരുദോഷമുള്ളതിനാലാവണം പൃഥ്വിരാജിനെക്കൊണ്ട് നായികയുടെ ചുണ്ടില്‍ തന്നെ ചുംബിക്കാനൊരു സീന്‍ ചേര്‍ത്തത്. ഇങ്ങനെ പ്രണയ ചിത്രീകരണങ്ങളില്‍ പാലിക്കേണ്ട സദാചാര നിയമങ്ങള്‍ ഈ സിനിമയില്‍ പൊട്ടിച്ചെറിഞ്ഞു എന്നു പറയാം.
എന്ന് നിന്റെ മൊയ്തീന്‍ മലയാളിക്ക് പ്രിയങ്കരനായതുപോലെയോ പ്രേമം എന്ന ന്യൂജനറേഷന്‍ സിനിമ മലയാളത്തിലെ യുവജനങ്ങള്‍ ആഘോഷിക്കുന്നതുപോലെയോ അനാര്‍ക്കലി ഒരിക്കലും  ആഘോഷിക്കപ്പെടുകയുണ്ടായില്ല.സംവിധായകന്‍ എന്ന നിലയില്‍ സച്ചി ഒരിക്കലും പൂര്‍ണമായും നിരാശനാക്കുന്നില്ല. ആദ്യ സംരംഭം പരാജയപ്പെട്ടില്ലെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശ്വസിക്കാം.    $

RELATED STORIES

Share it
Top