പ്രണയം നടിച്ച് യുവതികളെ പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: പ്രണയം നടിച്ച് യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ചെല്ലാനം-കലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡോര്‍ ചെക്കറായ ചേര്‍ത്തല എഴുപുന്ന കാരിക്കാത്ത് വീട്ടില്‍ നിന്നും ഇപ്പോള്‍ അരൂര്‍ അരമുറിപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന വിജേഷ്(33)നെയാണ് എറണാകുളം ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സിബിടോം അറസ്റ്റു ചെയ്തത്.
പ്രതി ജോലി ചെയ്യുന്ന ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയെ പ്രതി പ്രേമം നടിച്ച് പരിചയപ്പെടുകയും അവിവാഹിതനാണെന്നും യുവതിയെ വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
പ്രതി യുവതിയുമായി അടുപ്പത്തിലാവുകയും യുവതിയുമൊന്നിച്ചുള്ള ഫോട്ടോ മൊബൈലില്‍ എടുക്കുകയും ചെയ്തു. പ്രതിയുടെ മൊബൈലില്‍ പ്രതിയുമൊന്നിച്ചുള്ള മറ്റ് സ്ത്രീകളുടെ ഫോട്ടോകളും കാണാനിടയാവുകയും ചെയ്തപ്പോഴാണ് യുവതി കബളിപ്പിക്കപ്പെടുകയാണെന്നും പ്രതി വിവാഹിതനാണെന്നും യുവതി മനസ്സിലാക്കിയത്.
പ്രതിയുമായി അകന്നുമാറിയ യുവതിയെ പ്രതി ഇയാളുമൊന്നിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നും നശിപ്പിച്ചുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഫോട്ടോകള്‍ ഗ്രൂപ്പുകളിലിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പലപ്പോഴായി 50,000 രൂപയോളം യുവതിയില്‍ നിന്നും പ്രതി തട്ടിയെടുത്തു.
കൂടാതെ യുവതിയെക്കൊണ്ട് എയര്‍കണ്ടീഷണര്‍, ടെലിവിഷന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വാങ്ങിപ്പിച്ചും പ്രതി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് പ്രതി യുവതിയെ കൂടെ ചെല്ലാന്‍ പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ യുവതി പോലിസില്‍ പരാതിപ്പെടുകയും പനങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തൃക്കാക്കര അസി. കമ്മിഷണറുടെ നിര്‍ദേശാനുസരണം കേസന്വേഷണം എറണാകുളം ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിയുടെ വീട്ടില്‍ നിന്ന് പോലിസ് മൊബൈല്‍ഫോണ്‍ റിക്കവറി നടത്തുകയും ചെയ്തു. മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതി വീട്ടമ്മമാരെയും യുവതികളെയും പ്രണയം നടിച്ച് പീഡിപ്പിച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്.
ഭയംമൂലവും കുടുംബബന്ധം തകരുമെന്നതുകൊണ്ടും പല വീട്ടമ്മമാരും പരാതി കൊടുക്കാതിരുന്നിട്ടുള്ളതായും സംശയിക്കുന്നുണ്ട്. ഇരയാക്കിയിട്ടുള്ള സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ആര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലിസ് കോടതിയില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ എറണാകുളം ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സിബി ടോം, എഎസ് ഐ ശിവന്‍കുട്ടി, എസ് സിപിഒ അനില്‍കുമാര്‍, സിപിഒ അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

RELATED STORIES

Share it
Top