പ്രണയംനടിച്ച് യുവതിയില്‍നിന്ന് പണംതട്ടിയ യുവാവ് അറസ്റ്റില്‍

കൊണ്ടോട്ടി: ഫേസ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്ന ഫോട്ടോ കരസ്ഥമാക്കി പണം തട്ടിയ യുവാവ് കൊണ്ടോട്ടി പോലിസിന്റെ പിടിയിലായി. കൊല്ലം ആദിനാട് പടന്നയില്‍ പ്രശാന്താ(20)ണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് യുവതിയുമായി ഫേസ്ബുക്കിലൂടെ പ്രശാന്ത് പരിചയപ്പെട്ടത്.
പിന്നീട് പ്രണയം നടിച്ച് നഗ്നഫോട്ടോ കരസ്ഥമാക്കി. തുടര്‍ന്ന് ഭീഷണപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കി. ഇതിനിടെ യുവതി പതിനയ്യായിരം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെടുകയും നാട്ടിലുള്ള ചിലര്‍ക്ക് നഗ്ന ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തതോടെയാണ് യുവതി കൊണ്ടോട്ടി പോലിസില്‍ പരാതി നല്‍കിയത്. യുവതി പണം നല്‍കിയ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ ഫോണ്‍ എന്നിവ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടില്‍നിന്ന് പിടികൂടിയത്.
യുവതിയുടെ നഗ്ന ചിത്രങ്ങളുളള മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി സി ഐ മുഹമ്മദ് ഹനീഫ, എസ് ഐ ജാബിര്‍, എ എസ് ഐമാരായ ദിനേശ് കുമാര്‍, സന്തോഷ്, സി പി ഒ സിയാവുല്‍ ഹഖ്, പമിത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top