പ്രചാരണം ശക്തമാക്കി ഇരുമുന്നണികളും

സ്വന്തം പ്രതിനിധി

പൊന്നാനി: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊന്നാനി അഴീക്ക ല്‍ വാര്‍ഡില്‍ പ്രചാരണം ശക്തമാക്കി ഇരുമുന്നണികളും. പ്രചാരണ പ്രവര്‍ത്തനങ്ങളും ക്യാംപയിനുകളും പുരോഗമിക്കുന്നു. പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡ് കൗണ്‍സിലറായിരുന്ന അബ്ദുല്‍  ഖാദറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് ഇരുമുന്നണികളും രംഗത്തിറങ്ങി.  ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ ഹസൈനും, യുഡിഎഫ് സ്ഥാനാര്‍ഥിയായി അത്തീഖും നേരിട്ടുള്ള മല്‍സരമാണ് വാര്‍ഡില്‍ നടക്കുന്നത്. 11ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇരുമുന്നണികളും ചിഹ്നം പതിപ്പിച്ചും വീടുകള്‍ കയറിയിറങ്ങി വോട്ടുറപ്പിച്ചുമാണ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നത്. മുന്‍ മന്ത്രി ഇ കെ ഇമ്പിച്ചിബാവയുടെ ജന്മദേശമാണ് അഴീക്കല്‍ വാര്‍ഡ്. സിപിഎമ്മിന്റെ കുത്തക വാര്‍ഡായ അഴീക്കലില്‍ കഴിഞ്ഞ തവണ കേവലം നാലു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. ഈ ഭൂരിപക്ഷം ഇത്തവണ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്. കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തും വോട്ടര്‍ പട്ടികയില്‍ സൂക്ഷ്മമായി ഇടപെട്ടുമാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടാതെ നിരവധി യുഡിഎഫ് പ്രവര്‍ത്തകരെ ഇറക്കി വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണങ്ങളും യുഡിഎഫ് നടത്തുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വാര്‍ഡിനായി ഒന്നും ചെയ്തില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി പറമ്പില്‍ അത്തീക്ക് പറയുന്നത്. എന്നാല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വോട്ടര്‍മാരെ നേരില്‍ കണ്ട് പരമാവധി വോട്ടുകള്‍ സമാഹരിക്കുന്ന രീതിക്കാണ് എല്‍ഡിഎഫ് മു ന്‍തൂക്കം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ വലിയ മാര്‍ജിനി ല്‍ ജയിക്കാന്‍ കഴിയുമെന്നും, വാര്‍ഡിന്റെ വികസനത്തുടര്‍ച്ചയാണ് ലക്ഷ്യമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി അത്തീഖും. ആരോപണങ്ങള്‍ തോല്‍വി ഭയന്നാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി  ഹസൈനും പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇത്തവണയുമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കല്‍ വാര്‍ഡ് ഉള്‍പ്പെടുന്ന ബൂത്തില്‍ നിന്നും എല്‍ഡിഎഫിനുണ്ടായ നേട്ടം ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.ഇതിനിടെ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളും വാര്‍ഡില്‍ മല്‍സരത്തിനുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം നഗരസഭാ ഭരണത്തെ ബാധിക്കില്ലെങ്കിലും, ഇരുമുന്നണികളും അഭിമാന പോരാട്ടമായാണ് തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.

RELATED STORIES

Share it
Top