പ്രക്ഷോഭം അവസാനിപ്പിച്ചതായി ഇറാന്‍ സൈനിക മേധാവി

തെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പോലിസ് ഇടപെടലിലൂടെ അവസാനിപ്പിച്ചതായി സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍റഹീം മൗസവി. സൈനിക സംഘങ്ങള്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും മൗസവി വ്യക്തമാക്കി. അതേസമയം, പ്രക്ഷോഭം അവസാനിപ്പിച്ചു എന്ന പ്രഖ്യാപനത്തിനു പിന്നാലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു. നഗരങ്ങളില്‍ പുതുതായി പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിട്ടില്ലെന്ന്് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരാഴ്ചയോളം നീണ്ട പ്രക്ഷോഭങ്ങള്‍ക്കിടെ 21പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യക്തമായ നേതാക്കളില്ലാത്ത പ്രക്ഷോഭം ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലാണ് ആരംഭിച്ചത്. യുവാക്കളുടെ തൊഴിലില്ലായ്മയും അഴിമതിയുമടക്കമുള്ള വിഷയങ്ങളുന്നയിച്ചാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. പ്രക്ഷോഭത്തെ മുളയിലേ നുള്ളാന്‍ പോലിസിന് സാധിച്ചതായി സൈനിക മേധാവി പറഞ്ഞു.രാജ്യത്തെ ആത്മീയ നേതൃത്വവും പ്രസിഡന്റ് റൂഹാനിയും രാജിവയ്ക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. തൊഴിലാളികളും വിദ്യാര്‍ഥികളും മധ്യവര്‍ഗക്കാരുമടക്കമുള്ളവര്‍ പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഇറാനില്‍ സര്‍ക്കാര്‍ അനുകൂല റാലികളും നടന്നിരുന്നു. ഇറാന്‍ പതാകയും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ചിത്രങ്ങളുമേന്തിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ തെരുവിലിറങ്ങിയത്. തെക്കുപടിഞ്ഞാറന്‍ പട്ടണങ്ങളായ കെര്‍മാന്‍ഷാ, ഇലാം, വടക്കന്‍ നഗരമായ ഗോര്‍ഗാന്‍, ശിയാക്കളുടെ വിശുദ്ധ നഗരമായ ഖ്വാം, രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍, അബദാന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ അനുകൂല റാലികള്‍ നടന്നു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന്് യുഎസിനോട് ആവശ്യപ്പെട്ടതായി റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി സെര്‍ജി യാബ്‌കോവ്. ടാസ്  വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്. ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് യുഎസും ഇസ്രായേലും രംഗത്തെത്തിയതിനു പിന്നാലെയാണിത്.

RELATED STORIES

Share it
Top