പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ നീക്കം വെടിവയ്പില്‍ രണ്ടു മരണം

റാമല്ല: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നു ഫലസ്തീനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. പ്രതിഷേധക്കാര്‍ക്കു സൈന്യം നടത്തിയ വെടിവയ്പില്‍ ഇന്നലെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം നടന്ന പ്രതിഷേധത്തിനു നേരെയുണ്ടായ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മരിച്ച മറ്റൊരാളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസയിലുമടക്കം ഫലസ്തീനിലുടനീളം പ്രതിഷേധക്കാരും സൈനികരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. പ്രതിഷേധം നേരിടാന്‍ നഗരങ്ങളില്‍ ആയിരക്കണക്കിന് സൈനികരെയാണ് ഇസ്രായേല്‍ അധികമായി വിന്യസിച്ചത്. പ്രതിഷേധങ്ങള്‍ക്കു നേരെയുള്ള സൈനിക നീക്കത്തില്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ 217 ഫലസ്തനീനികള്‍ക്കു പരിക്കേറ്റു. ഗസ അതിര്‍ത്തി പ്രദേശങ്ങളിലും നിരവധി ഫലസ്തീനികള്‍ക്കു പരിക്കേറ്റിട്ടുണ്ട്.അതേസമയം, ഫലസ്തീന്‍ നേതാക്കള്‍ രോഷദിനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നതില്‍ ഇസ്രായേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച ജുമുഅക്ക് പ്രതിഷേധപ്രകടനങ്ങള്‍ ക്ക് ഫലസ്തീന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നതിനാല്‍ ഇസ്രായേല്‍ പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഹീബ്രൂണ്‍, റാമല്ല, നബ്‌ലുസ്, ബത്‌ലഹേം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. പ്രതിഷേധങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ഇന്നലെയും വെടിയുതിര്‍ക്കുകയും റബര്‍ ബുള്ളറ്റുകളും ജലപീരങ്കികളും പ്രയോഗിച്ചു. പോലിസിന്റെ കണ്ണീര്‍വാതക പ്രയോഗവും പ്രതിഷേധക്കാര്‍ ടയറുകള്‍ അഗ്നിക്കിരയാക്കിയതും കാരണം ഫലസ്തീനിലെ ഭൂരിഭാഗം നഗരങ്ങളും പുകമയമാണ്. ആയിരക്കണക്കിന് പ്രക്ഷോഭകാരികളെ കിഴക്കന്‍ ജറുസലേമിലെ പുരാതന നഗരത്തില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പുറത്താക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ജറുസലേമിനെ ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ജറുസലേമിലേക്കു മാറ്റുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത്. അറബ് മേഖലയില്‍നിന്നുള്ള ജോര്‍ദാന്‍, സൗദി അറേബ്യ, ഈജിപ്ത് സഖ്യരാഷ്ട്രങ്ങളുടെ അടക്കമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

RELATED STORIES

Share it
Top