പ്രകോപനം ജസ്റ്റിസ് ലോയ കേസ്‌

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വാദം കേട്ട ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് ഇന്ത്യന്‍ നീതിന്യായരംഗത്ത് മുമ്പെങ്ങുമില്ലാത്ത നടപടിയിലേക്ക് മുതിര്‍ന്ന ജഡ്്ജിമാരെ നയിച്ചതെന്നാണ് കരുതുന്നത്. കേസില്‍ ദുരൂഹതയുണ്ടെന്നും പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ഹരജി മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചിനു വിടാതെ ചീഫ് ജസ്റ്റിസിന് സ്വാധീനിക്കാന്‍ കഴിയുന്ന ജൂനിയര്‍ ജഡ്ജായ അരുണ്‍ മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിക്കു വിട്ടതാണ് പ്രധാന കാരണം. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിഷയം ജസ്റ്റിസ് ലോയയുടെ കേസുമായി ബന്ധപ്പെട്ടതാണോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, അതെ എന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മറുപടി പറഞ്ഞത്. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല.
ഇതുള്‍പ്പെടെ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമ്പോള്‍ പോലും മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തുന്നതിലും ഇവര്‍ക്കു പരാതിയുണ്ട്. ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്ന പല കേസുകളിലും ബാഹ്യ ഇടപെടല്‍ നടക്കുന്നുവെന്ന സൂചനയാണ് ഇന്നലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രിംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു ജഡ്ജിമാരും പങ്കുവച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം സുപ്രിംകോടതി ജഡ്ജിമാര്‍ കോഴവാങ്ങിയെന്ന ഹരജി നേരത്തേ ചെലമേശ്വറിന്റെ ബെഞ്ച് മുമ്പാകെ വന്നിരുന്നു. ഈ ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടശേഷം കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ചെലമേശ്വര്‍ ഉത്തരവിട്ടു. എന്നാല്‍, ഈ ഉത്തരവ് റദ്ദാക്കി കേസ് വിപുലമായ മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു ദീപക് മിശ്ര. താനാണ് എല്ലാറ്റിന്റെയും പരമാധികാരി എന്ന നിലപാടാണ് ദീപക് മിശ്ര സ്വീകരിച്ചത്. പിന്നീട് ഈ ഹരജിയും തള്ളിപ്പോയി. ഈ വിഷയത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

RELATED STORIES

Share it
Top