പ്രകൃതി ചൂഷണം മുതലാളിത്തത്തിന്റെ സഹജസ്വഭാവം: കോടിയേരികോഴിക്കോട്: പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു നശിപ്പിക്കുന്നത് മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാഭം വര്‍ധിപ്പിക്കാന്‍ മുതലാളിത്തം പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് മൂലധനത്തില്‍ കാള്‍ മാര്‍ക്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിയന്‍ കൃതി മൂലധനത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പശുരാഷ്ട്രീയം കളിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ക്‌സ് 150 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ക്ക് വലിയപ്രധാന്യമുണ്ട്. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കണക്കിലെടുത്തുള്ള വികസനമാണ് മാര്‍ക്‌സിസം മുന്നോട്ട് വയ്ക്കുന്നത്. ഇതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വികസന നയം. ഹരിത കേരളം പദ്ധതി ഇതിന്റെ പ്രായോഗിക രൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഉല്‍പാദന ബന്ധങ്ങളെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചുമൊക്കെ മാര്‍ക്‌സിന് ധാരണയുണ്ടായിരുന്നുവെന്ന് മൂലധനത്തില്‍ നിന്ന് മനസ്സിലാക്കാം. സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്‍മാസ്റ്റര്‍, കെ എന്‍ രവീന്ദ്രനാഥ്, ഡോ. കെ എന്‍ ഗണേഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top