'പ്രകൃതിയെ നശിപ്പിച്ച് മനുഷ്യര്‍ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാവില്ല'

കൊച്ചി: പ്രകൃതിയെ നശിപ്പിച്ചു മനുഷ്യരുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്കു നേരെ കണ്ണും ചെവിയും പൊത്താനാവില്ലെന്നു ഹൈക്കോടതി. വനഭൂമി കൈയേറ്റവും വനനശീകരണവും ഖനനവും അടക്കമുള്ള പ്രകൃതി ചൂഷണങ്ങളാണു പ്രകൃതിക്ഷോഭത്തിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡിന് പിഴയൊടുക്കി പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പുനര്‍ നിര്‍മാണത്തെക്കുറിച്ചും സുസ്ഥിര ബദല്‍ വികസനത്തെക്കുറിച്ചും നിയമ നിര്‍മാതാക്കളും സര്‍ക്കാരും ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിതെന്നും കോടതി നിരീക്ഷിച്ചു. നെല്‍വയല്‍, തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റോപ് മെമ്മോ നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനി കോടതിയെ സമീപിച്ചത്. സംസ്ഥാന തല പരിസ്ഥിതി ആഘാത പഠന അതോറിറ്റി (എസ്ഇഐഎഎ) നിലവിലില്ലാതിരുന്നതിനാല്‍ അനുമതി തേടാനായില്ല. മറ്റു വകുപ്പുതല അനുമതികളോടെയാണു കുഴിമണ്ണ് ഖനനം നടത്തിയിരുന്നതെന്നും കമ്പനി വാദിച്ചു. പാരിസ്ഥിതികാനുമതി ലഭിക്കാതെ ഇത് വരെ ഖനനം ചെയ്‌തെടുത്ത കളിമണ്ണിന്റെ പണം കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സിലും മറ്റും ഉന്നയിച്ചത്. എന്നാല്‍, സംസ്ഥാനതല പരിസ്ഥിതി ആഘാത പഠന അതോറിറ്റി പുനസ്സംഘടിപ്പിച്ചതിനാല്‍ അനുമതി പുനപ്പരിശോധിക്കാമെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.
സംസ്ഥാന അതോറിറ്റി നിലവിലില്ലായിരുന്നെങ്കില്‍ കേന്ദ്ര അതോറിറ്റിയെ സമീപിക്കണമായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി. 2015നാണ് എസ്ഇഐഎഎയുടെ അനുമതിക്കായി കമ്പനി അപേക്ഷിച്ചിട്ടുള്ളതെന്ന് കാണുന്നു. എന്നാല്‍, 2008 മുതല്‍ ഖനനം നടക്കുന്നുണ്ട്. അതിനാല്‍, പാരിസ്ഥിതികാനുമതി ഇല്ലാതെയായിരുന്നു പ്രവര്‍ത്തനമെന്നു വ്യക്തം. അനധികൃത ഖനനം തടയാന്‍ ബാധ്യസ്ഥരായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാവെട്ട നിയമ ലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ നടപടിക്ക് അലംഭാവം കാട്ടി. ഖനനത്തിന് കോടതി ഉപാധികളോടെ അനുമതി നല്‍കിയെന്ന വാദം ഉയര്‍ത്തിയാലും അനധികൃത ഖനനമാണു നടന്നതെന്നിരിക്കെ അതിലൂടെ ലഭിച്ച മുഴുവന്‍ തുകയും സര്‍ക്കാരിന് തിരിച്ചു നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും 53 പേജുള്ള ഉത്തരവ് പറയുന്നു.

RELATED STORIES

Share it
Top