പ്രകൃതിയെ അവഗണിക്കുന്നവരോട്

ജോണ്‍  പെരുവന്താനം
വേനലും മഴയും ഒരുപോലെ കേരളത്തില്‍ ദുരന്തകാലമാവുകയാണ്. കേരളത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാന ഘടകങ്ങളെ നിര്‍ണയിക്കുന്ന പശ്ചിമഘട്ട മലനിരകള്‍ നിരന്തരമായി ആക്രമണത്തിനു വിധേയമാവുകയാണ്. അതീവ ദുര്‍ബലമായ പരിസ്ഥിതി ഘടനയുള്ള പ്രദേശങ്ങളില്‍ പ്രകൃതിക്കു മീതെ മനുഷ്യന്‍ ഏല്‍പിക്കുന്ന ആഘാതങ്ങളുടെ തിരിച്ചടികളാണ് നാം അനുഭവിക്കുന്ന ദുരന്തങ്ങളൊക്കെത്തന്നെ. വികസനത്തിനായി ബലിയര്‍പ്പിക്കാന്‍ കേരളത്തില്‍ ഇനി കാടുകളും പുഴകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇല്ല എന്ന യാഥാര്‍ഥ്യം ഭരണാധികാരികള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. സങ്കുചിത സാമ്പത്തിക താല്‍പര്യങ്ങള്‍ കാട് മുതല്‍ കടല്‍ വരെയുള്ള കേരളത്തിന്റെ സര്‍വ മേഖലകളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുവ്യക്തമായ പുനര്‍ചിന്ത മാത്രമാണ് നമുക്കു മുന്നിലുള്ള മാര്‍ഗം.
പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള ഒട്ടേറെ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിനെ തള്ളിക്കളഞ്ഞ ഒരു വലിയ ജനസമൂഹത്തെക്കൂടി ഉള്‍ക്കൊള്ളുന്ന നാടാണ് കേരളം എന്ന യാഥാര്‍ഥ്യം ഓര്‍മിക്കേണ്ടതുണ്ട്. കേരളത്തെ നിക്ഷേപസൗഹൃദമാക്കാന്‍ പരിശ്രമിക്കുന്ന ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം ഗാഡ്ഗില്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണകളെ ആളിക്കത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തിയത്.
പശ്ചിമഘട്ടം മാത്രമല്ല, ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഭൂഗര്‍ഭജല സ്രോതസ്സുകളും പുഴകളും കടലുമെല്ലാം മൂലധന താല്‍പര്യങ്ങള്‍ക്കായി വകമാറ്റിക്കൊണ്ടേയിരിക്കുന്ന പ്രക്രിയയായി ഭരണനിര്‍വഹണം മാറിക്കൊണ്ടിരിക്കുന്നു. കേരളം എത്തിനില്‍ക്കുന്ന സങ്കീര്‍ണമായ ഈ സാമൂഹിക-രാഷ്ട്രീയ-പാരിസ്ഥിതിക പ്രതിസന്ധിയെ അതിന്റെ സമഗ്രതയില്‍ വിലയിരുത്തിക്കൊണ്ട് മാത്രമേ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയൂ.
പ്രകൃതിയുമായുള്ള മനുഷ്യന്റെ നാഭീനാളബന്ധത്തെ മുറിച്ചുകൊണ്ട് വിപണി ഭൂമിയെ അടക്കിഭരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിയന്ത്രണമില്ലാത്ത ഉപഭോഗം ഒരു ലഹരി പോലെ ലോകത്താകമാനം പടരുകയാണ്. ജീവസ്രോതസ്സുകളെ നശിപ്പിച്ചുകൊണ്ട് അത് ലാഭകേന്ദ്രീകൃതമായ ഒരു വികസന ചിന്തയെ മണ്ണിലുറപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രകൃതിയുമായുള്ള പാരസ്പര്യം നഷ്ടമായ മനുഷ്യലോകം അഗാധപ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിരുദ്ധ സമരം ആളിക്കത്തിയ തിരുവമ്പാടി, കട്ടിപ്പാറ എന്നിവിടങ്ങളില്‍ മാത്രം 14 പേര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 30,000ഓളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. മരണമടഞ്ഞവരുടെ എണ്ണം നാലായിരത്തോളം വരും. സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ അഞ്ചോളം ശാസ്ത്ര സ്ഥാപനങ്ങള്‍ കേരള പശ്ചിമഘട്ടത്തിലെ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ മേഖലകളെ സംബന്ധിച്ച് ദീര്‍ഘകാലം പഠനം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. 13,000ലധികം ഉരുള്‍പൊട്ടല്‍ മേഖലകളെയും 17,000ഓളം മലയിടിച്ചില്‍ മേഖലകളെയും ചൂണ്ടിക്കാട്ടിയ റിപോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കിട്ടാന്‍ അവകാശമുള്ളതാണ്. അതീവ ഗുരുതരമായ അപകടസാധ്യതയുള്ള ആയിരക്കണക്കിനു സ്ഥലങ്ങളില്‍ എല്ലാവിധ നിയമങ്ങളും ലംഘിച്ച് വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിഗണിക്കുമ്പോള്‍ അടിസ്ഥാന സമീപനമായി എടുക്കേണ്ടത് മനുഷ്യന്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ ഭൂമിയും ഭൂമിയുടെ പരിസ്ഥിതിയും എന്നും, അവന്റെ നിലനില്‍പിനും തുടര്‍ച്ചയ്ക്കും ആവശ്യമായ വിഭവങ്ങള്‍ ഈ ഭൂമിയില്‍ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട് എന്നുമുള്ള തിരിച്ചറിവാണ്. ഭൂമിയിലെ വിഭവങ്ങള്‍ക്ക് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. നാളത്തെ തലമുറയ്ക്കും ഈ അവകാശവും അര്‍ഹതയുമുണ്ട്. ആ അര്‍ഥത്തില്‍ എല്ലാ പ്രകൃതിവിഭവങ്ങളെയും സംരക്ഷിച്ച് ഉപയോഗിക്കുക എന്നത് മാനവരാശിയുടെ പൊതു ഉത്തരവാദിത്തവും ഓരോ പൗരന്റെയും കടമയുമാണ്.
ഈ തിരിച്ചറിവ് അംഗീകരിക്കാതെ അമിത ലാഭത്തിനും ഹ്രസ്വകാല നേട്ടത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമായി പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിലൂടെയാണ് എല്ലാ പരിസ്ഥിതി തകര്‍ച്ചകളും ഉടലെടുക്കുന്നത്. പ്രകൃതിധ്വംസനങ്ങളെ കര്‍ശന നിയമങ്ങള്‍ മുഖേന നേരിടേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഈ ചുമതല നിര്‍വഹിക്കാതെ ചൂഷണങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും സഹായകമായ നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതി ആ നിയമത്തെത്തന്നെ ഇല്ലാതാക്കുന്നതാണ്.
പാടം നികത്തിയാല്‍ ഇനി മുതല്‍ സമീപത്തെ സ്ഥലമുടമയ്ക്കു മാത്രമേ പരാതി നല്‍കാന്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ. സങ്കടക്കാരന്‍ എന്നറിയപ്പെടുന്ന ഇയാള്‍ പരാതി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഡാറ്റാ ബാങ്ക് വിജ്ഞാപനത്തിന്റെ കോപ്പിയോടൊപ്പം 5000 രൂപ ഫീസും അടയ്ക്കണം. ഇത് 30 ദിവസത്തിനുള്ളില്‍ ചെയ്തിരിക്കണം. വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് ഡാറ്റാ ബാങ്കിന്റെ പകര്‍പ്പ് നേടിയെടുക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും പരാതി കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കും. ഫലത്തില്‍ പാടം നികത്തുന്നത് കണ്ടാലും സമീപത്തെ സ്ഥലക്കാരന് പരാതി കൊടുത്ത് പരിഹാരം നേടുക അസാധ്യമായിരിക്കും. ഡാറ്റാ ബാങ്കില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വില്ലേജുകളില്‍ മാത്രമേ പരാതിപ്പെടാന്‍ പുതിയ ഭേദഗതി അനുവദിക്കുകയുള്ളൂ. അറുനൂറോളം വില്ലേജുകളില്‍ ഡാറ്റാ ബാങ്ക് വിജ്ഞാപനം ചെയ്യപ്പെട്ടിട്ടില്ല എന്നുകൂടി മനസ്സിലാക്കുമ്പോള്‍ 2022ഓടെ സമ്പൂര്‍ണ നെല്‍വയല്‍ വിമുക്ത സംസ്ഥാനമായി ഈ ഭരണകൂടം കേരളത്തെ മാറ്റിത്തീര്‍ത്തേക്കാം.
കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് 2017 മുഖേന ഏഴു നിയമങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് സഹായകമാവും വിധം ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്. 2002ലെ കേരള ഗ്രൗണ്ട് വാട്ടര്‍ (കണ്‍ട്രോള്‍ ആന്റ് റഗുലേഷന്‍) നിയമം ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നു. കുഴല്‍ക്കിണറില്‍ നിന്നു വെള്ളം ശേഖരിച്ച് വിപണനം ചെയ്യാനോ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതായിരിക്കുന്നു. പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കി അവിടെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും വിധത്തില്‍ കേരള ഭൂപതിവുചട്ടം ഭേദഗതി ചെയ്യുന്നത് ഖനനമേഖലയുടെ സ്വാധീനത്തിനു വഴങ്ങിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖനനചട്ടങ്ങള്‍ ഇടയ്ക്കിടെ ഭേദഗതി ചെയ്തുകൊണ്ടിരിക്കുകയാണ്.
ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനവാസകേന്ദ്രങ്ങളില്‍ നിന്നും 500 മീറ്ററും 300 മീറ്ററും അകലങ്ങളില്‍ മാത്രമേ ഖനനം അനുവദിക്കുകയുള്ളൂ. നമുക്ക് ഈ അകലം 50 മീറ്റര്‍ മാത്രമാണ്. കേരളത്തിന്റെ മലയോരങ്ങളില്‍ എണ്ണായിരത്തോളം പാറ ക്വാറികളാണ് സര്‍ക്കാര്‍ ഒത്താശയോടെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പറേറ്റ് വ്യവസായ താല്‍പര്യങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസിനുമാണ് പാറ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ വന്‍കിട പ്രോജക്ടുകള്‍ക്ക് ഇത് ഉപയോഗിക്കപ്പെടുന്നു.
പാവപ്പെട്ട ഭവനരഹിതര്‍ക്ക് വീട് വയ്ക്കാനെന്ന മറപിടിച്ചാണ് അതിസമ്പന്നര്‍ക്കു വേണ്ടി പശ്ചിമഘട്ടത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വനം-വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കവചം ഒരുക്കിയത് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിയിലെ സുപ്രിംകോടതി വിധിയിലൂടെയാണ്. ഇതനുസരിച്ച് സംരക്ഷിത മേഖലകളില്‍ നിന്നു നിശ്ചിത ദൂരം മാറി മാത്രമേ ഖനനാനുമതി നല്‍കാന്‍ പാടുള്ളൂ. ഈ ഉത്തരവ് കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണ്. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയില്‍ കൃഷിയുടെ പങ്ക് കുറയുമ്പോള്‍ നിര്‍മാണത്തിന്റെയും ഖനനത്തിന്റെയും പങ്ക് ഉയരുന്നു.
വളര്‍ച്ചയുടെ രീതികളും വഴികളും ശ്രദ്ധിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ഭീഷണികള്‍ നാടിനെ വാസയോഗ്യമല്ലാതാക്കിയിരിക്കുന്നു. സംഘടിത മത-സാമുദായിക ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണ് കൈയേറ്റക്കാരുടെ കരുത്ത്. പശ്ചിമഘട്ട മലനിരകള്‍ തകര്‍ക്കപ്പെടുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും തകര്‍ക്കുമെന്നതിനാല്‍ ഈ മേഖലയിലെ ഇടപെടലുകള്‍ വിവേകത്തോടെ വേണമെന്ന നിര്‍ദേശം വച്ചതിനാണ് ഗാഡ്ഗിലിനെതിരേ ഖനന ലോബിയും ടൂറിസം ലോബിയും കൈയേറ്റ മാഫിയയും ചേര്‍ന്ന് കൊലവിളി നടത്തിയത്.
ഭൂസൂചികയുടെ അടിസ്ഥാനത്തില്‍ ഗുണമേന്മയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന 600ല്‍പരം വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കുരുമുളകും ഏലവും തേടിവന്ന വിദേശികള്‍ 2000 വര്‍ഷം മുമ്പുതന്നെ ഇവിടവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. 50 വര്‍ഷത്തിനിടയില്‍ ഉണ്ടായ അനിയന്ത്രിതമായ വനനശീകരണവും ക്വാറി പ്രവര്‍ത്തനവും മല ഇടിക്കലും അണക്കെട്ട് നിര്‍മാണവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ചൂട് 15 ഡിഗ്രി ഉയര്‍ന്നുകഴിഞ്ഞു. ചെറിയ സമയത്തിനുള്ളില്‍ വലിയ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച സ്ഥലമാണ് പശ്ചിമഘട്ടം.
ഭൂമുഖത്ത് ഒരു ജീവിക്ക് വംശനാശഭീഷണി കൂടാതെ നിലനില്‍ക്കാന്‍ 50,000 ചതുരശ്ര കിലോമീറ്റര്‍ എങ്കിലും വിസ്തീര്‍ണമുള്ള ഒരു ഹോം റേഞ്ച് ആവാസവ്യവസ്ഥ ഉണ്ടായിരിക്കണം എന്നാണ് അന്തര്‍ദേശീയ ശാസ്ത്ര മാനദണ്ഡം. കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. ഒരു സ്പീഷീസിനു പോലും വംശനാശ ഭീഷണി കൂടാതെ നിലനില്‍ക്കാന്‍ ഭൂവിസ്തൃതി ഇല്ലാത്ത കേരളത്തില്‍ 4000ലധികം സ്പീഷീസുകള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന അദ്ഭുത പ്രതിഭാസമാണുള്ളത്.
ലോകത്ത് ഇവിടെ മാത്രമുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി ജന്തു-സസ്യ-ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കേരള പശ്ചിമഘട്ട മലനിരകള്‍. മൂന്നാറിലെ രാജമലയില്‍ നിന്ന് ഒരുപിടി പുല്ല് പറിച്ചാല്‍ മുപ്പതോ മുപ്പത്തിനാലോ ഇനം പുല്ലുകള്‍ അതിലുണ്ടാകും. അത്രമാത്രം ജൈവവൈവിധ്യ സമ്പന്നമായ പ്രദേശമായതിനാലാണ് ലോകത്തെ ബയോ ഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ടുകളില്‍ അഞ്ചാം സ്ഥാനത്തുള്ള പ്രദേശമായി പശ്ചിമഘട്ടത്തെ കണ്ടെത്തിയത്.
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ ആറു ശതമാനം മാത്രം വരുന്ന പശ്ചിമഘട്ടത്തിലാണ് ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ 30 ശതമാനവും സ്ഥിതി ചെയ്യുന്നത്. 28 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ജലസുരക്ഷയും കാലാവസ്ഥാസുരക്ഷയും ഉറപ്പുതരുന്ന പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന മുഴുവന്‍ നദികളും മരണാസന്നമാണ്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സവിശേഷതകളുടെ പ്രാധാന്യമനുസരിച്ച് മൂന്നു മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള പരിശോധനയാണ് പ്രഫ. ഗാഡ്ഗില്‍ കമ്മിറ്റി നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ മേഖലകളിലും ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഗുണമേന്മയും പ്രാധാന്യവും തിരിച്ചറിഞ്ഞ് അവിടെ അനുവര്‍ത്തിക്കേണ്ട നയങ്ങള്‍ വ്യക്തമാക്കുകയും അവ സംരക്ഷിക്കുന്നതിനും തദ്ദേശവാസികളുടെ ജീവിതം ഇതുമായി സമഞ്ജസമാക്കുന്നതിനുള്ള പൊതുനിര്‍ദേശങ്ങളാണ് ഗാഡ്ഗില്‍ റിപോര്‍ട്ടിലുള്ളത്.
പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും വലിയ പ്രത്യാഘാതങ്ങള്‍ ഏല്‍പിക്കാതെയുള്ള പ്രകൃതിസംരക്ഷണവും വികസനവും പരസ്പരപൂരകമാക്കി തീര്‍ക്കുന്നതും, വികസനത്തിന്റെ ദിശ നിര്‍ണയിക്കുന്നത് അതത് പ്രദേശങ്ങളിലെ തദ്ദേശവാസികളാണെന്നും, പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണത്തിനു മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കുന്നതാണ് ഈ റിപോര്‍ട്ടിന്റെ പ്രസക്ത വശം.
പശ്ചിമഘട്ടത്തിലെ 1560 അണക്കെട്ടുകള്‍ ഇവിടത്തെ ഭൗമപാളികള്‍ക്കു മീതെ സൃഷ്ടിക്കുന്ന സമ്മര്‍ദം ഉരുള്‍പൊട്ടലും മലയിടിച്ചിലും ഭൂമി ഇടിഞ്ഞുതാഴലും പൈപ്പിങ് പ്രതിഭാസവും ഭൂചലനവും ഉള്‍പ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. പശ്ചിമഘട്ടത്തെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമമെന്ന നിലയില്‍ തയ്യാറാക്കിയ ഗാഡ്ഗില്‍ റിപോര്‍ട്ട് അട്ടിമറിക്കാന്‍ കൊണ്ടുവന്ന കസ്തൂരി രംഗന്‍ റിപോര്‍ട്ട് നാച്വറല്‍ ലാന്‍ഡ്‌സ്‌കേപ് എന്നും കള്‍ചറല്‍ ലാന്‍ഡ്‌സ്‌കേപ് എന്നും രണ്ടായി തിരിച്ച് 123 വില്ലേജുകളെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ (ഇഎസ്എ) ആയി പ്രഖ്യാപിച്ചു.
അഞ്ച് കാര്യങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. റെഡ് കാറ്റഗറി വ്യവസായങ്ങള്‍, താപനിലയങ്ങള്‍, ഖനനം, 30 ഹെക്ടറില്‍ അധികമുള്ള പുതുതായി ഉണ്ടാക്കുന്ന ടൗണ്‍ഷിപ്പുകള്‍, 20,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍- ഇവയാണ് നിയന്ത്രണങ്ങള്‍. 20,000 സ്‌ക്വയര്‍ മീറ്റര്‍ എന്നാല്‍ അഞ്ച് ഏക്കര്‍ വിസ്തീര്‍ണമാണ്. ഓരോരുത്തരും അത്രയും വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ എന്താകും പശ്ചിമഘട്ടത്തിന്റെ സ്ഥിതി!
പരിസ്ഥിതിക്ക് ഇത്രയും ആഘാതമുണ്ടാക്കുന്ന കച്ചവട ഉദാരതയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെതിരേയും മലയോരങ്ങളില്‍ കലാപമാണ്. 1980ലെ കേന്ദ്ര വനനിയമവും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും മലിനീകരണ നിയന്ത്രണ നിയമവും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. രാജ്യത്തെ ഒരു നിയമവും അംഗീകരിക്കില്ല എന്നാണ് ഈ മാഫിയാ സംഘം പ്രഖ്യാപിക്കുന്നത്. ഇടുക്കിയില്‍ പുതുതായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടിരിക്കുന്ന റിസോര്‍ട്ട് മാഫിയ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന അതിജീവന പോരാട്ടസമിതി 1000 സ്‌ക്വയര്‍ ഫീറ്റില്‍ അധികമുള്ള കെട്ടിടം നിര്‍മിക്കാനും ഏലമലക്കാടുകളിലെ മരം മുറിക്കാനും കലക്ടറുടെ അനുവാദം വേണമെന്ന നിര്‍ദേശത്തിനെതിരേ സമരം ആരംഭിച്ചിരിക്കുകയാണ്.
കേരളത്തില്‍ 29 ശതമാനം വനമുണ്ടെന്ന പെരുപ്പിച്ച കണക്കാണ് ഭരണാധികാരികള്‍ പറയുന്നത്. 29 ശതമാനത്തില്‍ 14 ശതമാനവും കൈയേറ്റക്കാരുടെ കൈകളിലാണ്. തേക്കു തോട്ടം, കാശുമാവു തോട്ടം, എണ്ണപ്പന തോട്ടം, അണക്കെട്ടുകളുടെ ജലാശയം, സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകള്‍ക്ക് കൊടുത്തിട്ടുള്ളത് എന്നിവയെല്ലാം വനത്തിന്റെ പട്ടികയിലാണ് പെടുന്നത്. എല്ലാം കഴിഞ്ഞ് 8 ശതമാനം വനം മാത്രമാണ് അവശേഷിക്കുന്നത്. ഇതാകട്ടെ, അണക്കെട്ടുകള്‍ക്കു ചുറ്റുമായി അവയുടെ സംരക്ഷണത്തിനു വേണ്ടി വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ബാക്കി വനം കൈയേറ്റക്കാരെ മാടിവിളിക്കുന്നതും ജനങ്ങള്‍ സഞ്ചരിക്കുന്നതുമായ തുണ്ടുവനങ്ങളാണ്.
ഏഴു ലക്ഷം ഹെക്ടര്‍ വനഭൂമി കൈയേറിയിട്ടും ആര്‍ക്കെതിരേയും ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത ഭരണാധികാരികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. കേരളത്തില്‍ കസ്തൂരി രംഗന്‍ ഇഎസ്എ ആയി പ്രഖ്യാപിച്ച 123 വില്ലേജുകളെ 91 ആയി കേരള സര്‍ക്കാര്‍ ചുരുക്കി കേന്ദ്രത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഭാവിയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരിക്കും ഭരണാധികാരികളുടെ നടപടിയിലൂടെ സംഭവിക്കുന്നത്.                              ി

(കടപ്പാട്: ജനശക്തി, ജൂലൈ 1, 2018)

RELATED STORIES

Share it
Top