പ്രകൃതിപഠനത്തിന്റെ പേരില്‍ തട്ടിപ്പ്: പ്രതിയെ റിമാന്‍ഡ് ചെയ്തു

എടക്കര: പ്രകൃതിപഠനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നു പണവും രേഖകളും കൈപറ്റി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മഞ്ചേരി സ്വദേശിയെ റിമാന്റ് ചെയ്തു. മേലാക്കം കോലോത്തുംതൊടി അജ്മലിനെയാണ് നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തത്.
നിലമ്പൂര്‍ വള്ളുവശ്ശേരി വനത്തിനകത്ത് പൂച്ചക്കുത്ത് അള പ്രകൃതി പഠന സെന്ററില്‍ “കാടരങ്ങ്’ എന്ന് പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇയാളുടെ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നുള്ള എന്‍എസ്എസ്, പ്രകൃതി ക്ലബ് അംഗങ്ങളെ സംഘടിപ്പിച്ചായിരുന്നു ഇവിടെ ക്യാംപ് ഒരുക്കിയിരുന്നത്. പ്രകൃതി പഠനത്തിന്റെ പേരില്‍ കാടരങ്ങ് പരിപാടി സംഘടിപ്പിച്ച് പണവും രേഖകളും കൈപറ്റി, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കബളിപ്പിച്ചുവെന്ന് കാണിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ എടക്കര പോലിസില്‍ നല്‍കിയ പരാതിയിലാണ് അജ്മലിനെ എടക്കര സിഐ സുനില്‍ പുളിക്കല്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാടരങ്ങ് എന്ന പേരില്‍ പ്രകൃതി പഠനവും കാര്‍ഷിക, വന സാംസ്‌കാരികോല്‍സവം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഐബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മഞ്ചേരി സ്വദേശിയായ തഹസില്‍ദാറെ ഭീഷണിപ്പെടുത്തി പണം കൈപറ്റിയെന്ന കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് മിത്രജ്യോതി കേരളയുടെ ലേബലില്‍ പ്രകൃതി പഠന ക്യാംപുകള്‍ നടത്തിവന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള മുന്നോറോളം വിദ്യാര്‍ഥികള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച നിലമ്പൂരിലെത്തിയിരുന്നു. എന്നാല്‍, ഇത്രയും കുട്ടികള്‍ക്ക് താമസിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ സൗകര്യമില്ലാത്തതിനാല്‍ പല കുട്ടികളും ശനിയാഴ്ച രാവിലെ മടങ്ങിപ്പോയി.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥികള്‍ തങ്ങളുടെ പണം തിരിച്ച് ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസമ്മതിക്കുകയും പിന്നീട് മറ്റൊരു തിയതി പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചതാണ് പരാതിക്കിടയാക്കിയത്.
ഓരോ കുട്ടികളില്‍ നിന്നും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നത്. വനയാത്ര, ട്രക്കിങ് തുടങ്ങി നിരവധി കാര്യങ്ങളില്‍ താല്‍പര്യമെടുത്താണ് കുട്ടികളില്‍ പലരും ക്യാംപിന് ചേര്‍ന്നത്. മാവോവാദി അനുകൂല പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നതിനാല്‍ ഇയാള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു.

RELATED STORIES

Share it
Top