പ്രകൃതിക്ക് കാവല്‍: എസ്ഡിപിഐ സമരജ്വാല 26ന്

കണ്ണൂര്‍: ഭൂമിയെ നശിപ്പിക്കരുത്, നാടിനു വേണ്ടത് പരിസ്ഥിതി സൗഹൃദ വികസനം എന്ന പ്രമേയത്തില്‍ 26 നു വൈകീട്ട് ഏഴിനു പ്രകൃതിക്ക് കാവല്‍ സമരജ്വാല സംഘടിപ്പിക്കാന്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
വികസന പദ്ധതികള്‍ക്ക് പാര്‍ട്ടി എതിരല്ല. പ്രകൃതിയെ സംരക്ഷിച്ചു വേണം പദ്ധതികള്‍ നടപ്പാക്കാന്‍. കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവച്ച ബദല്‍ മാര്‍ഗം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കുടിവെള്ള ക്ഷാമവും കടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്ന ഇക്കാലത്ത് തളിപ്പറമ്പിന്റെ മുഖ്യ ജലസ്രോതസ്സായ കീഴാറ്റൂരിലെ വയലും കുന്നും തണ്ണീര്‍ത്തടങ്ങളും നശിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ വികസനനയം നാടിന്റെ നിലനില്‍പ്പ്  തന്നെ അപകടത്തിലാക്കും. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.
പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന്് അധികാരം ഉണ്ടെന്നിരിക്കെ ബിജെപി നടത്തുന്ന സമരനാടകം അപഹാസ്യമാണ്. ഇവരുടെ ഇരട്ടത്താപ്പ് പ്രബുദ്ധരായ കീഴാറ്റൂര്‍ ജനത തള്ളിക്കളയും.
യോഗത്തില്‍ ജില്ല പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഫാറൂഖ് ഇരിട്ടി, സജീര്‍ കീച്ചേരി തുടങ്ങിയവര്‍ യോഗത്തില്‍  സംസാരിച്ചു.

RELATED STORIES

Share it
Top