പ്രകടനം നടത്തിയവരെ ജയിലിലടച്ച സംഭവം; സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദഫലമെന്ന്

ആലുവ: സമാധാനപരമായി പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കി ജയിലിടക്കാന്‍ കാരണം ഭരണകക്ഷിയായ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദഫലമാണെന്ന് സൂചന.
മഹാരാജാസ് കോളജ് സംഭവത്തിന്റെ മറവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്ന പോലിസ് നടപടിക്കെതിരേ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആലുവായില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരേയാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ജയിലിടച്ചത്.
തീര്‍ത്തും സമാധാനപരമായി നടത്തിയ പ്രകടനം പോലിസ് നിര്‍ദേശത്തിന് വിധേയമായിട്ടായിരുന്ന പൂര്‍ത്തിയാക്കിയത്. പ്രതിഷേധക്കാരെ സാധാരണ ഗതിയിലുള്ള അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി പോലിസ് ക്യാംപിലേക്ക് മാറ്റിയിരുന്നു.
വൈകീട്ടോടെ ഇവരെ വിട്ടയക്കാനായിരുന്നു പോലിസിന്റെ തീരുമാനമെങ്കിലും ഇതിനിടയിലാണ് പോലിസിനെ സമ്മര്‍ദ്ദത്തിലാക്കി പ്രശ്‌നത്തില്‍ സിപിഎം നേതൃത്വം ഇടപെട്ടത്.
പോലിസ് പീഡനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ വിട്ടയക്കുന്നത് പാര്‍ട്ടിക്ക് തന്നെ ക്ഷീണമുണ്ടാക്കുമെന്നായിരുന്നു ജില്ലയിലെ സിപി എം സംസ്ഥാന കമ്മിറ്റി അംഗം നേതൃത്വത്തോട് പ്രതികരിച്ചതെന്നാണറിയുന്നത്. കൂടാതെ മരണപ്പെട്ട അഭിമന്യുവിന്റെ കുടുംബം ഉന്നയിച്ച ആക്ഷേപത്തിന് പാര്‍ട്ടി പ്രതികൂട്ടിലായിരിക്കേ എസ്ഡിപിഐക്കെതിരേ ശക്തമായ നടപടി വേണമെന്നായിരുന്നു സിപിഎം നേതാക്കളുടെ ആവശ്യം. ഭരണകക്ഷി നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് പോലിസ് 134 പ്രവര്‍ത്തകരേയും റിമാന്റിലാക്കിയത്.
സിപിഎം നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഘടനാ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് പ്രതിഷേധ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത ജയിലിടച്ചതെന്ന് കേരളപൗരാവകാശ സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പോലിസ് ഭരണകക്ഷിയുടെ വാലാട്ടിയാവുന്ന നടപടിയാണിതെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് എന്‍ ബി പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സിപിഎം ഭരണകാലങ്ങളില്‍ മുസ്്‌ലിം, ദലിത് വിഭാഗങ്ങളെ പീഡിപ്പിക്കുന്ന സംഭവം ഏറി വരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മഹല്ല് സംയുക്ത സമിതി ജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു.
സിപിഎം മുസ്്‌ലിം സമുദായത്തിന്റെ ശത്രുപക്ഷത്താണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ദാരിമി യോഗം ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top