പോഷകാഹാരധാന്യം പ്രതിമാസം കിട്ടുന്നില്ല; കൊറഗര്‍ വംശനാശ ഭീഷണിയില്‍

നാരായണന്‍ കരിച്ചേരി

തൃക്കരിപ്പൂര്‍: ലോകത്തിലെ തന്നെ അപൂര്‍വം ആദിമ ഗോത്ര വിഭാഗങ്ങളില്‍ ഒന്നായ കൊറഗര്‍ വംശനാശ ഭീഷണിയില്‍. ആദിവാസി വികസനത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷാവര്‍ഷം കോടികള്‍ പാഴാക്കുമ്പോഴാണ് മറുഭാഗത്ത്് കൊറഗരുടെ വികസനവും നിലനില്‍പും പ്രതിസന്ധിയിലായിരിക്കുന്നത്. അശാസ്ത്രീയവും ദീര്‍ഘ വീക്ഷണമില്ലാത്തതുമായ പദ്ധതികള്‍ പലതും പാഴ്‌വേലയായി മാറുന്നു.
അതേസമയം, പോഷാഹാരക്കുറവും രോഗവും അമിതമായ ലഹരി ഉപയോഗവുമാണ് ഈ വിഭാഗങ്ങളില്‍ വംശവര്‍ധന ഇല്ലാതാവാന്‍ പ്രധാനകാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് അനുവദിച്ച പോഷകാഹാര ധാന്യങ്ങള്‍ പോലും മാസാമാസം കിട്ടുന്നില്ലെന്നാണ് പരാതി. മൂന്നും നാലും മാസത്തിലൊരിക്കലാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു.
പരമ്പരാഗത തൊഴിലായ കുട്ടമെടയല്‍ നിലനിര്‍ത്താനാവാത്തതും ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായി. കുട്ടയ്ക്കുള്ള വള്ളി കര്‍ണാടക അതിര്‍ത്തി കാടുകളില്‍നിന്നും ലഭിക്കുന്നില്ല. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നും ഏറിയ പങ്കും ലഹരിക്കായി മാറ്റിവയ്ക്കുന്നവര്‍ യൗവനത്തില്‍ തന്നെ മരണാസന്നരാവുന്നുവെന്നതും ഈ ആദിമ ഗോത്ര വിഭാഗത്തെ സംബന്ധിച്ച് ശ്രദ്ധേയമാണ്.
സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദനശേഷി കുറഞ്ഞതും രോഗങ്ങള്‍ക്ക് അടിപ്പെട്ടതും കാരണം അര നൂറ്റാണ്ടിനുള്ളില്‍ ഇവരുടെ അംഗസംഖ്യ പകുതിയായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1971ലെ സെന്‍സസില്‍ ജില്ലയിലെ കൊറഗരുടെ ജനസംഖ്യ 3460 ആയിരുന്നു. പട്ടിക വര്‍ഗക്ഷേമ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 523 കുടുംബങ്ങളിലായി 1611 കൊറഗര്‍ മാത്രമാണ് ഇപ്പോഴുള്ളത്. 2008ല്‍ നടത്തിയ സര്‍വേയിലുണ്ടായ 1882 പേരില്‍നിന്ന് എട്ടുവര്‍ഷം പിന്നിടുമ്പോള്‍ 271 പേരാണ് കുറഞ്ഞത്. മരണനിരക്ക് അസാമാന്യവിധം കൂടിയതും ജനനനിരക്ക് സാധാരണയില്‍നിന്നും ഏറെ താഴ്ന്നതും കൊറഗരുടെ അംഗസംഖ്യ ഇത്രയും കുറയാന്‍ കാരണമായെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യൗവനത്തില്‍ തന്നെ മരണത്തിന് കീഴ്‌പ്പെടുന്നവരാണ് കൂടുതലെന്നതും ഈ ആദിമ ഗോത്ര വിഭാഗത്തെ സംബന്ധിച്ച് ശ്രദ്ധേയമാണ്. അടുത്തകാലത്തേ ഒരു സര്‍വേയില്‍, പൊതുവില്‍ ലോകജനന നിരക്ക് 10 ശതമാനം വര്‍ധിക്കുന്നതായി രേഖപ്പെടുത്തുമ്പോള്‍, കൊറഗരുടെ ഇടയില്‍ ഇത് എട്ടു ശതമാനം കുറവാണ്. കൊച്ചുകുട്ടികളടക്കം ക്ഷയരോഗത്തിന്റെ പിടിയില്‍പ്പെടുന്നുവെന്നാണ് മറ്റൊരു ദുരന്തം. പൊതു സമൂഹവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇന്നും ഇവര്‍ക്കാവുന്നില്ല.
അധികൃതരുടെ, അശാസ്ത്രീയ പദ്ധതികളുടെ ഉത്തമോദാഹരണമാണ്് ബദിയടുക്ക പെര്‍ഡാല കൊറഗകോളനിയിലെ റബര്‍ മരങ്ങള്‍. കോളനിയിലെ മൂന്ന് ഏക്കര്‍ സ്ഥലത്ത് കൊറഗരുടെ സാമ്പത്തികമാര്‍ഗമെന്ന പേരില്‍ 15 വര്‍ഷം മുമ്പു നട്ടുപിടിപ്പിച്ച റബര്‍ മരങ്ങള്‍ ആരാലും തിരിഞ്ഞുനോക്കാതെ പാഴ്മരങ്ങളായി മാറി.
സീസണുകളില്‍ മാത്രം വരുമാനം ലഭിക്കാവുന്ന പദ്ധതി ആദിവാസികളെ സംബന്ധിച്ചിടത്തോളം പര്യാപ്തമല്ലെന്ന തിരിച്ചറിവ് ഇല്ലാതെപോയി. പട്ടികവര്‍ഗക്കാരെ സാമ്പത്തികമായി സഹായിക്കാന്‍ രൂപീകരിച്ച ബദിയടുക്കയിലെ സഹകരണ സ്ഥാപനം അഴിമതിയുടെ കൂത്തരങ്ങായി വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അടച്ചുപൂട്ടി. കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന നാലു പഞ്ചായത്തുകളിലെ പത്തോളം കോളനികളിലാണ് ഇവരുടെ വാസം.
കര്‍ണാടകത്തില്‍ കൊറഗ വിഭാഗക്കാരുണ്ടെങ്കിലും അവര്‍ ഇത്രയും പ്രാകൃതരല്ലെന്നും വാദമുണ്ട്. കേരളത്തിലേ കൊറഗരുടെ അംഗസംഖ്യ ഭയാനകമാംവിധം കുറഞ്ഞുവരുന്നതില്‍ ആശങ്കപ്പെടുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍.

RELATED STORIES

Share it
Top