പോഷകാഹാരക്കുറവ് : സംസ്ഥാനത്തിന് യുഎന്‍ ഫുഡ് പ്രോഗ്രാം സഹായംതിരുവനന്തപുരം/മലപ്പുറം: പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) സാങ്കേതിക സഹായം നല്‍കും. ഡബ്ല്യുഎഫ്പിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോര്‍ഡ് ആലോചിക്കുമെന്ന് ബോര്‍ഡിന്റെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡബ്ല്യുഎഫ്പി കണ്‍ട്രി (ഇന്ത്യ) ഡയറക്ടര്‍ ഡോ. ഹമീദ് നൂറു, ഡെപ്യൂട്ടി ഹെഡ് ജാന്‍ ഡെല്‍ഫെര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യുഎഫ്പിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായ പട്ടിണിരഹിത സംസ്ഥാനം എന്ന പരിപാടി നടപ്പാക്കുന്നതിന് കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ച് പട്ടിണിയല്ല, പോഷകാഹാരക്കുറവാണു പ്രശ്‌നം. പോഷകാഹാരം ആവശ്യത്തിന് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാന്‍ യുഎന്‍ ഏജന്‍സിയുമായി സഹകരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ ബോര്‍ഡുമായി ഇക്കാര്യം ചര്‍ച്ചചെയ്യണം. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം മുതലായ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ കണക്കിലെടുത്താണ് പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേരളത്തിന്റെ പരിപാടികള്‍ക്ക് സഹായം നല്‍കാന്‍ യുഎന്‍ ഏജന്‍സി തയ്യാറാവുന്നതെന്ന് ഡോ. ഹമീദ് നൂറു പറഞ്ഞു. പോഷകാഹാരക്കുറവിന്റെ പ്രശ്‌നം കേരളം നേരിടുന്ന വെല്ലുവിളിയാണ്. അഞ്ചു വയസ്സിന് താഴെയുള്ള അഞ്ചിലൊന്ന് കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. 16.1 ശതമാനം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ല. പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികള്‍ 19 ശതമാനം വരും. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരമുള്ള പോഷകാഹാരം കുട്ടികള്‍ക്ക് കിട്ടിയെങ്കിലേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് പോഷകാഹാരപരിപാടി നടപ്പാക്കുന്നതിന് ഡബ്ല്യുഎഫ്പി സഹായിക്കാമെന്ന് ഡോ. ഹമീദ് അറിയിച്ചു. ചര്‍ച്ചയില്‍ ഡബ്ല്യുഎഫ്പിയുടെ സംസ്ഥാന കോ-ഓഡിനേറ്റര്‍ സുനില്‍ ദേവസ്സി, ന്യൂട്രീഷ്യന്‍ കോ-ഓഡിനേറ്റര്‍ പി റാഫി പങ്കെടുത്തു. കേരളത്തെ വിശപ്പുരഹിതവും പോഷകാഹാരക്കുറവില്ലാത്തതുമായ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് സമഗ്രപദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ കെ ശൈലജയും അറിയിച്ചു. ഇതുസംബന്ധിച്ച് യുഎന്‍ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി.

RELATED STORIES

Share it
Top