പോളിയോ മരുന്നില്‍ വൈറസ്: അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പോളിയോ പ്രതിരോധ മരുന്നില്‍ വൈറസ് കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ വിതരണം ചെയ്ത പോളിയോ തുള്ളിമരുന്നുകളിലാണ് മാരകമായ ടൈപ്-2 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ മരുന്ന് കുത്തിവച്ച കുട്ടികളില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ പ്രത്യേക സമിതിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപം നല്‍കി. ഗാസിയാബാദിലെ ബയോമെഡ് മരുന്ന് കമ്പനിയില്‍ നിന്ന് വിതരണം ചെയ്ത ഒന്നര ലക്ഷം കുപ്പികളില്‍ വൈറസിന്റെ അംശമുണ്ടെന്നാണ് വിവരം. ബയോമെഡ് കമ്പനി മാനേജിങ് ഡയറക്ടറെ ഗാസിയാബാദ് പോലിസ് കഴിഞ്ഞ ആഴ്ച അറസ്റ്റു ചെയ്തിരുന്നു. ബയോമെഡിനെതിരേ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ കേസ് ഫയല്‍ ചെയ്തു. കമ്പനിയുടെ നാല് ഡയറക്ടര്‍മാര്‍ ഒളിവിലാണ്.
രാജ്യത്ത് വീണ്ടും പോളിയോ ബാധയ്ക്ക് ഈ മരുന്നുകള്‍ കാരണമാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മരുന്നിലെ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൈറസ് അടങ്ങിയ തുള്ളിമരുന്ന് വിതരണം ചെയ്ത പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം തുടരുന്നുണ്ട്. ബയോമെഡ് കമ്പനിയിലെ ഉല്‍പാദനവും വിതരണവും നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്.

RELATED STORIES

Share it
Top