പോലീസ് കസ്റ്റഡിയിലെടുത്ത ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തുചങ്ങനാശ്ശേരി: പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദമ്പതികളായ കുമാര്‍ (36), ഭാര്യ രേഷ്മ (21) എന്നിവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിലാണ് ദമ്പതികളെ പോലീസ് ചോദ്യം ചെയ്തത്. സ്വര്‍ണപ്പണിക്കാരനായ സുനില്‍ സിപിഎം നഗരസഭാംഗമായ അഡ്വ. സജികുമാറിന്റെ ആഭരണ നിര്‍മാണശാലയിലെ തൊഴിലാളിയാണ്. ചോദ്യം ചെയ്യുന്നതിനിടെ പോലീസ് മര്‍ദിച്ചതില്‍ മനംനൊന്താണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വാകത്താനം പാണ്ടന്‍ചിറയിലെ വാടക വീട്ടിലാണ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ ഇരുവരുടെയും മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കണ്ടെത്തിയത്.രേഷ്മ എഴുതിയ ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്. 'ഞങ്ങള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണ്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ സുനിയേട്ടനെതിരെ പരാതി നല്‍കിയത്. 100 ഗ്രാമായി പലപ്പോഴായി സുനിയേട്ടന്‍ എടുത്തിട്ടുണ്ട്. ബാക്കിയുളളത് സജികുമാര്‍ വീടു പണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് പൊലീസില്‍ പരാതി നല്‍കി. എട്ടു ലക്ഷം രൂപ ബുധനാഴ്ച്ച കെട്ടി വെക്കണമെന്ന് മര്‍ദിച്ച് ഞങ്ങളെ കൊണ്ട് എഴുതി വാങ്ങിച്ചു. ഞങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു മാര്‍ഗവുമില്ല. എന്റെ താലിമാലയും കമ്മലും വിറ്റാണ് വാടകവീട് എടുത്തത്. അത് കൊണ്ട് ഞങ്ങള്‍ മരിക്കുന്നു', രേഷ്മയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
അതേസമയം സ്വര്‍ണം കാണാതായത് കൊണ്ട് സാധാരണ പോലെ നിയമപരമായി മുന്നോട്ട് പോവുക മാത്രമെ താന്‍ ചെയ്തിട്ടുളളുവെന്ന് സജികുമാര്‍ പറഞ്ഞു. സിപിഎം നഗരസഭാംഗം ആയത് കൊണ്ട് പ്രതിപക്ഷം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
'അവരെ കേസില്‍ നിന്ന് ഒഴിവാക്കാനായാണ് കേസ് എടുക്കേണ്ടെന്ന് പറഞ്ഞത്. സാധാരണ ആരും ചെയ്യുന്നത് പോലെ പരാതിയാണ് ഞാന്‍ കൊടുത്തത്. അത്തരമൊരു സാഹചര്യം വന്നത് കൊണ്ടാണ് പരാതി നല്‍കിയത്. ഒരു ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ പരിശോധന നടത്തിയത്. അപ്പോള്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പൊലീസ് സ്‌റ്റേഷനില്‍ എന്നെ രണ്ട് പ്രാവശ്യം വിളിപ്പിച്ചു. നഷ്ടം വന്ന സ്വര്‍ണത്തെ കുറിച്ചും കിട്ടിയ കത്തും ചങ്ങനാശ്ശേരി പൊലീസിന് നല്‍കി. വൈകിട്ട് അഞ്ച് മണിയോടെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചു. 33 പവന്‍ തങ്ങള്‍ എടുത്തെന്ന് ദമ്പതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു', സജികുമാര്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് രേഷ്മയും സുനിലും വിവാഹിതരായത്. സജികുമാറിന്റെ ആഭരണ നിര്‍മാണശാലയില്‍ നിന്ന് സ്വര്‍ണം മോഷണം പോയെന്ന പരാതിയെ തുടര്‍ന്നാണ് സുനിലിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്. കഴിഞ്ഞദിവസം കണക്കു നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 600 ഗ്രാം കുറവ് ഉണ്ടെന്ന് പോലീസില്‍ പരാതി നല്‍കി.
രേഷ്മയ്‌ക്കൊപ്പമാണ് സുനില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പരാതിക്കാരനായ സിപിഎം നേതാവിന്റെ മുന്നിലിട്ട് സുനിലിനെ പോലീസ് മര്‍ദിച്ചെന്നായിരുന്നു ആരോപണം. ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞാണ് മര്‍ദിച്ചതെന്നും ബന്ധുവായ അനില്‍ പറഞ്ഞു. സംഭവത്തിന് ശേഷം വലിയ മനോവിഷമത്തിലായിരുന്ന സുനിലെന്നും അനില്‍ പറയുന്നു.
സംഭവം വിവാദമായതോടെ ചങ്ങനാശേരി എസ്‌ഐ ഷമീര്‍ ഖാനെ സ്ഥലം മാറ്റി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ്. സുരേഷ്‌കുമാര്‍, സിഐ കെ.പി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. പോലീസ് സര്‍ജന്മാരുടെ സംഘം ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം മാത്രമായിരിക്കും പൊലീസ് മര്‍ദ്ദനം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാവുകയുളളു. അതേസമയം താലൂക്ക് പരിധിയില്‍ പ്രതിപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.

RELATED STORIES

Share it
Top