പോലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഡിജിപി ടികെ വിനോദ് കുമാര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പോലീസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ധിച്ചുവരികയാണ്. പോലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പോലീസ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ രാഷ്ട്രീയേതര സംഘടനയായി തുടങ്ങിയ അസോസിയേഷനുകളില്‍ ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കാണാന്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രക്ത സാക്ഷികള്‍ക്ക് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ അഭിവാദ്യം അര്‍പ്പിക്കലും മുദ്രാവാക്യം വിളികളും നടന്നു. എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജോലിയുടെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്ന പൊലീസുകാരെ അനുസ്മരിക്കാനും അഭിവാദ്യം അര്‍പ്പിക്കാനും സേനയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഇതിനപ്പുറം രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ചട്ട വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്റലിജന്‍സ് ആവശ്യപ്പെട്ടു.റിപ്പോര്‍ട്ട് ഗൗരവതരമായി എടുക്കുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഇത് സംബന്ധിച്ച് റേഞ്ച് ഐജിമാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top