പോലിസ് സ്‌റ്റേഷനുകളില്‍ നല്‍കുന്ന പരാതികളില്‍ രസീത് ഉറപ്പുവരുത്തണം

വടകര: പോലിസ് സ്‌റ്റേഷനുകളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ രസീത് നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. പോലിസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ ജിഡി രജസ്റ്ററില്‍ രേഖപ്പെടുത്തുകയോ രസീത് നല്‍കുകയോ ചെയ്യാത്തത് സംബന്ധിച്ച് വടകരയിലെ പൊതുപ്രവര്‍ത്തകനായ സാലിം അഴിയൂര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷനംഗം ജി.മോഹനദാസ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ മൂന്ന് മാസം കൂടുമ്പോള്‍ ഇത് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് റൂറല്‍ എസ്.പിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
രസീത് നല്‍കാത്തത് സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പോലിസ് സ്‌റ്റേഷനുകളില്‍ നല്‍കപ്പെടുന്ന പരാതികള്‍ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തുകയും രസീതി നല്‍കുകയും ചെയ്യണമെന്നാണ്‌നിയമം.എന്നാല്‍ ഇതൊന്നും സ്‌റ്റേഷനുകളില്‍ പാലിക്കപ്പെടാറില്ലെന്ന പരാതി വ്യാപകമാണ്. പരാതിയെ സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിനാണ് പരാതികള്‍ക്ക് രസീത് നല്‍കാതിരിക്കുന്നത്. ഇത് കാരണം ജനങ്ങള്‍ ഒരു പരാതിക്ക് തന്നെ പല തവണകളായി സ്‌റ്റേഷനുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ചില പരാതികള്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്.
മേല്‍ നടപടിയ്ക്കായി രസീത് ആവശ്യമുള്ളവരും ഇത് കാരണം അനുഭവിക്കുന്ന ദുരിതങ്ങള്‍ ചെറുതല്ല. പരാതി നല്‍കിയ ദിവസത്തെ തിയ്യതിക്ക് പിന്നീട് രസീതി ലഭിക്കാത്തതാണ് കാരണം. പരാതികള്‍ക്ക് രസീത് ചോദിച്ച് വാങ്ങണമെന്ന നോട്ടീസ് സ്‌റ്റേഷനുകളില്‍ മുമ്പ് പതിച്ചിട്ടുണ്ടെങ്കിലും പോലീസ് അസോസിയേഷന്റെയും മറ്റും പല സര്‍ക്കുലറുകളും ഒട്ടിച്ച് ഇത് ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പരാതികള്‍ക്ക് രസീത് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top