പോലിസ് സ്റ്റേഷനുനേരെ ബോംബേറ്: മാസങ്ങളായിട്ടും അന്വേഷണം ഇരുട്ടില്‍തപ്പുന്നു

കൂത്തുപറമ്പ്: പോലിസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു. സ്വന്തം ആസ്ഥാനത്തിന് നേരെ ബോംബെറിഞ്ഞവരെ പിടികൂടാന്‍ കഴിയാത്ത പോലിസ് സേന എങ്ങനെയാണ് നാട്ടുകാര്‍ക്ക് സുരക്ഷിതത്വം നല്‍കുകയെന്ന ചോദ്യം ഉയരുകയാണ്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലിസിന് പ്രതികളെക്കുറിച്ച് ഇതുവരെയും കൃത്യമായ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണു സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സംശയമുള്ള ചിലരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ എന്നിട്ടും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ പോലിസിന് സാധിച്ചിട്ടില്ല. വധശ്രമക്കേസില്‍ പ്രതികളായ പുത്തന്‍കണ്ടത്തെ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ മമ്പറത്ത് വച്ച് കൂത്തുപറമ്പ് എസ്‌ഐ കെ വി നിഷിത്തും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
അന്യായമായി പോലിസ് പിടികൂടിയതാണെന്നാരോപിച്ച് പോലിസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ പോലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളും തമ്മില്‍ സംസാരിക്കുന്നതിനിടെയാണ് പോലിസ് സ്‌റ്റേഷന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്. സിഐ, എസ്‌ഐ എന്നിവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ തൊട്ടടുത്തായി റോഡിലാണ് അത്യുഗ്ര ശബ്ദത്തില്‍ ബോംബ് വീണ് പൊട്ടിയത്. പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ കഴിയാത്തത് പോലിസ് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.

RELATED STORIES

Share it
Top