പോലിസ് സേന സി.പി.എമ്മിന്റെ രാഷ്ട്രീയോപകരണമാവരുത്: പോപുലര്‍ ഫ്രണ്ട്കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിന്റെ മറവില്‍ സംഘടനയെ വേട്ടയാടാനുള്ള പോലിസ് നീക്കം അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയെന്നതിലുപരി, സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സി.പി.എം അജണ്ട നടപ്പാക്കാനുള്ള ഉപകരണമായി കേരളത്തിലെ പോലിസ് സേന മാറരുതെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങള്‍ അക്രമ സംഭവങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരിക്കലും വേദിയാവാന്‍ പാടില്ല. സമാധാനാന്തരീക്ഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, മഹാരാജാസ് കോളജിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. ശുഹൈബിന്റെയും ഷുക്കൂറിന്റെയും ഫസലിന്റെയുമൊക്കെ ദാരുണമായ കൊലപാതകപരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭീകരതയും ഇതൊടൊപ്പം ചര്‍ച്ച ചെയ്യണം.

കാമ്പസുകളെ ആയുധപ്പുരകളും വിദ്യാര്‍ഥികളെ ക്രിമിനലുകളുമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം നിരവധി തവണ നിയമസഭയിലടക്കം ചര്‍ച്ചയായിട്ടുള്ളതാണ്. മഹാരാജാസ് കോളജ് ഹോസ്റ്റലിലെ എസ്.എഫ്.ഐയുടെ ആയുധശേഖരത്തെ പണിയായുധങ്ങളെന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് ആര്‍ക്കാണ് പ്രോല്‍സാഹനമാവുകയെന്ന് കേരളം വിലയിരുത്തണം. കേരളത്തിലെ രാഷ്ട്രീയാതിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സി.പി.എം നേതാക്കള്‍ കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കുമെതിരേ ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ കാപട്യം നിറഞ്ഞതാണ്.

കേരളത്തില്‍ മുസ്‌ലിംകള്‍ക്കും സി.പി.എമ്മിനും എതിരേ ആര്‍.എസ്.എസ് കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിയ ഘട്ടത്തില്‍ ഒന്നും  ഉണ്ടാവാത്ത അമിതാവേശമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഫൈസല്‍, റിയാസ് മൗലവി വധങ്ങളടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തിനു മുമ്പിലുണ്ട്. ഇതിനു മുമ്പും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം വേട്ടയാടലുകള്‍ പോപുലര്‍ ഫ്രണ്ടിനു നേരെ ഉണ്ടായിട്ടുണ്ട്. ജനാധിപത്യപരമായും നിയമപരമായും അതിനെ അതിജീവിക്കാന്‍ പോപുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ അത് രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള അവസരമാക്കി മാറ്റുന്നതിനെ ജനകീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top