പോലിസ് സേനയില്‍ പുതുചരിത്രം; പ്രഥമ വനിതാ ബറ്റാലിയന്‍ പാസിങ്ഔട്ട് പരേഡ് നാളെ

തിരുവനന്തപുരം: കേരള പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായി രൂപീകരിച്ച വനിതാ പോലിസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന്‍ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നാളെ രാവിലെ 7.30നു കേരള പോലിസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. പരേഡിനു ശേഷം ആദ്യ വനിതാ കമാന്‍ഡോകളുടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനവും നടക്കും.
ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കേരള പോലിസ് അക്കാദമി ഡയറക്ടര്‍ കൂടിയായ എഡിജിപി ഡോ. ബി സന്ധ്യ പങ്കെടുക്കും. 2017 ലാണു സര്‍ക്കാര്‍ തീരുമാന പ്രകാരം ഒരു വനിതാ പോലിസ് ബറ്റാലിയന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് 10 ഏക്കര്‍ സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് ഇവിടെ വനിതാ ബറ്റാലിയന്റെ ഓഫിസും ആരംഭിച്ചു. എസ്പി ആര്‍ നിശാന്തിനിയാണു പ്രഥമ വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ്.
തുടര്‍ന്നു പുതുതായി റിക്രൂട്ട് ചെയ്ത വനിതാ ബറ്റാലിയന്‍ സേനാംഗങ്ങളുടെ ഒമ്പതു മാസത്തെ പരിശീലനം 2017 സപ്തംബര്‍ 17ന് തൃശൂര്‍ കേരള പോലിസ് അക്കാദമിയില്‍ ആരംഭിച്ചു. ആകെ 578 റിക്രൂട്ട് വനിതാ പോലിസ് സേനാംഗങ്ങളാണു പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടിയിട്ടുള്ളവരാണ്. ഇവരെ ഉപയോഗപ്പെടുത്തി ആദ്യമായി സംസ്ഥാനത്ത് ഒരു വനിതാ കമാന്‍ഡോ വിങും ഇതോടൊപ്പം ആരംഭിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളത്തില്‍ ആദ്യമായി വനിതാ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഈ ബാച്ചിലെ വനിതാ ട്രെയിനികള്‍. അടിസ്ഥാന നിയമങ്ങള്‍ക്കും വിവിധ സ്‌പെഷ്യല്‍ നിയമങ്ങള്‍ക്കും പുറമേ കളരി, യോഗ, കരാത്തെ, നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്ലുകള്‍, ഫയറിങ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി പുതിയ ഡിസൈനിലുള്ള യൂനിഫോമും തയ്യാറായിട്ടുണ്ട്.
യുഎന്‍ വിമന്‍ ട്രെയിനിങ് സെന്റര്‍  ഇ-ലേണിങ് കാംപസില്‍ നിന്നും “ഐ നോ ജെന്‍ഡര്‍- 1,2,3’ മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ് ഈ സേനാംഗങ്ങള്‍. പോലിസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണു സര്‍ക്കാര്‍ നയം.

RELATED STORIES

Share it
Top