പോലിസ് സഹായത്താല്‍ പോത്തുണ്ടി ഗവ. എല്‍പിഎസ് ഹൈടെക് ആവുന്നു

നെന്മാറ: പോലിസുകാര്‍ കൈകോര്‍ത്തപ്പോള്‍ പോത്തുണ്ടി ഗവ. എല്‍പി സ്‌കൂള്‍ ഹൈടെക് വിദ്യാലയമാകുന്നു. സ്മാര്‍ട് ക്ലാസ് റൂം, കളിമൈതാനം, തണല്‍മരങ്ങള്‍,  വൈദ്യുതി, ചുറ്റുവേലി, ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി തുടങ്ങിയവ ഹൈടക് സംവിധാനത്തിന്റെ ഭാഗമായി ഒരുങ്ങി. രണ്ടുലക്ഷം രൂപ ചെലവിലാണ് പ്രവര്‍ത്തനം നടക്കുന്നത്.
രണ്ട് ക്ലാസുമുറികള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കി. 22 കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമായി. 22 കസേരകള്‍, 12 മേശകള്‍ എന്നിവ സ്ഥാപിച്ചു.  വൈദ്യുതി ഒരുക്കി. ഫാനുകള്‍ സ്ഥാപിച്ചു. ആധുനികസൗകര്യത്തോടെയുള്ള ലൈബ്രറി തുടങ്ങി. പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പോലീസുതന്നെ നേതൃത്വം നല്‍കും.  രക്ഷിതാക്കളുടെ സഹകരണത്തോടെ ആവശ്യത്തിനുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കും. സ്‌കൂളിനുചുറ്റും തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ഊഞ്ഞാല്‍ തുടങ്ങിയ കളിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള മൈതാനമൊരുക്കി. നെല്ലിയാമ്പതിയില്‍നിന്ന് എത്തിക്കുന്ന ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കും. അധ്യാപകരുടേയും പൂര്‍വവിദ്യാര്‍ഥികളുടേയും സഹകരണത്തോടെ സ്‌കൂളിനെ മികവുകേന്ദ്രമാക്കാന്‍ നടപടിയെടുക്കും. 120 വിദ്യാര്‍ഥികളാണ് ഇപ്പോഴുള്ളത്.
ഇതില്‍  70ലധികംപേരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. ഏഴുമാസംമുമ്പ് തുടങ്ങിയ പ്രവര്‍ത്തനം സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് പൂര്‍ത്തിയാക്കും.  സംസ്ഥാന പോലീസ് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ജില്ലാ പോലിസ് അസോസിയേഷനാണ് നവീകരണത്തിന് പോത്തുണ്ടി സ്‌കൂളിനെ തിരഞ്ഞെടുത്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു സ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈടെക് സ്‌കൂളിന്റെ പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി  ഉദ്ഘാടനം ചെയ്യുമെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ സെക്രട്ടറി എം ശിവകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എം  പ്രമോദ്  പറഞ്ഞു.

RELATED STORIES

Share it
Top