പോലിസ് വ്യാജമൊഴി എഴുതിവാങ്ങി: പി സി ജോര്‍ജ്‌

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരേ കൃത്രിമമായി തെളിവുണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുവെന്നു പി സി ജോര്‍ജ് എംഎല്‍എ. പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും രണ്ടു വീഡിയോയും തന്റെ പക്കലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ചിത്രവും സിഡിയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഷൈജോയി ല്‍ നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജ മൊഴി കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ എഴുതിവാങ്ങി. കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ബിഷപ്പിനെതിരേ പീഡനപരാതി ന ല്‍കിയ കന്യാസ്ത്രീക്കും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കുമെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാ ര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പിനെ പിന്തുണച്ചും കന്യാസ്ത്രീകളെ അപമാനിച്ചും വീണ്ടും പി സി ജോര്‍ജ് രംഗത്തെത്തിയത്.
എറണാകുളത്ത് സമരം നടത്തുന്നത് ക്രിസ്ത്യന്‍ വിരുദ്ധരും മതവിരോധികളുമാണ്. സമരം നടത്തേണ്ടിയിരുന്നത് സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു. എറണാകുളത്തു നടക്കുന്നത് സമരമല്ല, സഭയെയും സന്ന്യാസിനിമാരെയും വൈദികരെയും അപമാനിക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. സമരം ചെയ്യുന്നവരില്‍ പലരും മുമ്പ് സഭയ്‌ക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചവരാണ്. അങ്കമാലി-എറണാകുളം അതിരൂപതയിലെ 30 ശതമാനം വൈദികരും കള്ളന്‍മാരാണെന്നും ജോര്‍ജ് ആരോപിച്ചു.
കന്യാസ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ അടുത്ത മാസം 4ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കുള്ളതിനാല്‍ നേരിട്ട് ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിക്കും. അതിനായി ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തും. താന്‍ നേരിട്ടുതന്നെ ഹാജരാവണമെന്നാണ് പറയുന്നതെങ്കിലും സമയമുള്ളപ്പോള്‍ പോവും.സമയം കിട്ടുന്നതുപോലെ ദേശീയ വനിതാ കമ്മീഷനെ ബഹുമാനിക്കാം. വനിതാ കമ്മീഷന് അറസ്റ്റ് ചെയ്യാനൊന്നും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top