പോലിസ് വേട്ടയ്‌ക്കെതിരേ താക്കീതായി എസ്ഡിപിഐ മാര്‍ച്ച്

മലപ്പുറം:  ഹര്‍ത്താലിന്റെ മറവിലല്‍  നിരപരാധികളെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്നതിനെതിരെ  എസ്ഡിപിഐ  മലപ്പുറം എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്  സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്ന ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ പുതിയ തലമുറയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധാഗ്‌നിയെ പോലിസ് ഭീകരതയുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന പിണറായി വിജയന്റെ ഭരണപരാജയമായി ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ജനാധിപത്യഭരണമല്ല, പോലിസ് രാജാണ് നടപ്പിലാക്കുന്നത്.
ഫാഷിസത്തിനെതിരെ തെരുവിലിറങ്ങുന്നവര്‍ക്ക് എസ്ഡിപിഐ പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കും. ജനകീയമായ ഹര്‍ത്താലിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഗൂഢശ്രമമാണ് നടക്കുന്നത്. മലപ്പുറത്തിന് അപമാനം വരുത്തിയ താനൂര്‍ ബേക്കറി കവര്‍ച്ച നടത്തിയ അണികളുമായി ബന്ധമില്ലെന്ന് പറയാന്‍ സിപിഎമ്മും  ലീഗും  തയ്യാറുണ്ടോയെന്ന് ഫൈസി ചോദിച്ചു.
താനൂരില്‍ ഹിന്ദുക്കളുടെ സ്ഥാപനം തിരഞ്ഞുപിടിച്ച് അക്രമിച്ചെന്ന് നുണപ്രചരണം നടത്തിയ കെ ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ഫൈസി, അഡ്വ. സാദിഖ് നടുത്തൊടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, സംസാരിച്ചു.  പ്രതിഷേധ പ്രകടനത്തിന് ടി എം ഷൗക്കത്ത്, സൈതലവി ഹാജി, സുബൈര്‍ ചങ്ങരംകുളം, പി ഹംസ, എ ബീരാന്‍കുട്ടി, ഉസ്മാന്‍ കരുളായി, പി പി ഷൗക്കത്തലി, അക്ബര്‍ മഞ്ചേരി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top