പോലിസ് വാഹനത്തിനു നേരെ കല്ലേറ്: പ്രധാന പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: പോലിസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും വാഹനത്തിനു നേരെ കല്ലെറിഞ്ഞ് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതി കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് തൊട്ടിപ്പറമ്പ് വേലായുധന്‍ (62) സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളി.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെത്തിയ പോലിസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായിരുന്നത്. 10 പ്രതികളുള്ള കേസില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികളായ മറ്റു അഞ്ചുപേര്‍ ഒളിവിലാണ്.
2018 ജനുവരി 24ന് രാത്രി എട്ടരയോടെ പള്ളിക്കല്‍ നരിവെട്ടിച്ചാലിലാണ് സംഭവം. ഒന്നാം പ്രതി വേലായുധന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത വീട്ടില്‍ മദ്യപ സംഘങ്ങളുടെ ശല്യമുണ്ടെന്നു കാണിച്ച് നാട്ടുകാര്‍ കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.  പരിസരവാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എസ്‌ഐ ഹരികൃഷ്ണനും സംഘത്തിനും നേരെ ആക്രമണമുണ്ടായെന്നും പ്രതികളില്‍ നിന്നുണ്ടായ കല്ലേറില്‍ പോലിസ് സംഘമെത്തിയ വാഹനത്തിന്റെ ചില്ലുകള്‍, ബോണറ്റ് എന്നിവ തകര്‍ന്ന് 10000 രൂപയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
സംഘത്തിലുള്‍പെട്ട കുന്നുമ്മല്‍ താമരശ്ശേരി കൈപ്പകശ്ശേരി അമ്പാളി ഷെഫീഖ് (27), പുളിക്കല്‍ കിഴക്കെകണ്ടി ചെറാതൊടു കാരാട് ഉമറുല്‍ ഫാറൂഖ് (28), പള്ളിക്കല്‍ ബസാര്‍ അങ്ങാടിപ്പറമ്പ് നിസാര്‍ (31), നരിവെട്ടിച്ചാല്‍ കുന്നുമ്മല്‍ പുളിക്കണ്ടി കോയ (27), കൊടിക്കുത്തി പറമ്പ് പുല്‍ക്കണ്ടി ഹസന്‍ ഷഫീഖ് (27) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രധാന പ്രതി വേലായുധനു പുറമെ കേസിലെ ഏഴാം പ്രതി പുളിക്കല്‍ കൊടികുത്തിപ്പറമ്പ് ചെമ്മല കാരാത്തൊടി മൂളിയന്‍ ഷാക്കിര്‍ (27), എട്ടാം പ്രതി മലപ്പുറം കുന്നുമ്മല്‍ തൊമ്മന്‍കാടന്‍ സലീം മാലിക് (27), ഒമ്പതാം പ്രതി പുളിക്കല്‍ കൊടികുത്തിപ്പറമ്പ് തച്ചറക്കാവില്‍ ഷമീറലി (29), പത്താം പ്രതി മലപ്പുറം താമരക്കുഴി തട്ടാംതൊടി അജ്മല്‍ (28) എന്നിവര്‍ ഒളിവിലാണ്.

RELATED STORIES

Share it
Top