പോലിസ് യാര്‍ഡിലെ വാഹനങ്ങള്‍ കത്തിനശിച്ചു

തളിപ്പറമ്പ്: വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡില്‍ തീപ്പിടിത്തം. ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു വാഹനങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി പോലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വെള്ളാരംപാറയിലെ യാര്‍ഡിലാണ് സൂക്ഷിക്കാറുള്ളത്. ചുറ്റും കമ്പിവേലി കെട്ടി മുന്‍ഭാഗത്ത് ഗേറ്റുംസ്ഥാപിച്ച നിലയിലുള്ള യാര്‍ഡില്‍ മുഴുസമയ പോലിസ് കാവലുമുണ്ട്. അതിനിടയിലും യാര്‍ഡിന് തീപിടിച്ചത് ദുരൂഹതയുയര്‍ത്തുന്നുണ്ട്. കരിമ്പം പാലത്തിനും ചൊറുക്കളയ്ക്കും ഇടയിലെ വിജനമായ പ്രദേശമാണ് വെള്ളാരംപാറ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ഭാഗത്തെ പുല്‍മേടുകള്‍ കത്തിനശിക്കുന്ന പതിവായിരുന്നു.
സാമൂഹിക വിരുദ്ധര്‍ തീയിട്ടതാണെന്നാണു സംശയം. മാത്രമല്ല, നേരത്തേ തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ അനധികൃത മണല്‍ക്കടത്തിനു പിടികൂടിയ ലോറികള്‍ പോലിസുകാര്‍ മറിച്ചുവിറ്റത് വിവാദമായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടെയാണ് വീണ്ടും പോലിസ് കസ്റ്റഡിയിലുള്ള തൊണ്ടിമുതലുകളായ വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡില്‍ തീപിടിത്തമുണ്ടായത്.

RELATED STORIES

Share it
Top