പോലിസ് മേധാവിയെ മാറ്റണം : വിഎസ്തിരുവനന്തപുരം: പുതുവൈപ്പിനില്‍ ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള നാട്ടുകാരെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പോലിസ് കമ്മീഷണറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന്് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തു നല്‍കി.  ഒരു ജനതയുടെ ജീവിതം ദുസ്സഹമാക്കിയുള്ള വികസനം വേണ്ടെന്നാണ് ആ നാട്ടിലെ ജനങ്ങളുടെ നിലപാട്. ഈ നിലപാടിന്റെ ശരിതെറ്റുകള്‍ എന്തായാലും ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു പദ്ധതിക്കെതിരേ ശക്തമായി രംഗത്തുവരുകയും പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ ആ സമരത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വം വിലയിരുത്തുകയും അവരുമായി ജനാധിപത്യപരമായി ചര്‍ച്ചകള്‍ നടത്തുകയുമാണു വേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ അതു പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കപ്പെട്ടില്ലെന്നും സമരക്കാര്‍ക്ക് പരാതിയുണ്ട്. ഇത്തരം ആക്ഷേപങ്ങളെല്ലാം പരിശോധിക്കപ്പെടണം.   എന്നാല്‍, സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തില്‍ ആ സമരത്തോട് പോലിസ് കൈക്കൊണ്ട സമീപനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതി ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇന്നലെയും സമാനമായ മര്‍ദനമാണ് അവിടെ നടന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്് ചെയ്യണം. അദ്ദേഹത്തിന്റെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top