പോലിസ് മകനെ അകാരണമായി പീഡിപ്പിക്കുന്നു: അമ്മയുടെ പരാതി

തൊടുപുഴ: പോലിസ് തന്റെ മകനെ അകാരണമായി പീഡിപ്പിക്കുന്നതായി മാതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊടുപുഴ പഴയമറ്റം ഇല്ലിചാരി പള്ളിക്കതടത്തില്‍ രാഹുലിന്റെ മാതാവ് ജയയാണ് പരാതിക്കാരി. ഇക്കഴിഞ്ഞ 17ന് രാത്രി ഏഴരയ്ക്ക് രാഹുലും സുഹൃത്ത് എബിന്‍ എന്നയാളുമായി പോയപ്പോള്‍ രാഹുലിന്റെ ഭാര്യാപിതാവായ സണ്ണി വീട്ടില്‍നിന്ന് വെട്ടുകത്തിയുമായി വന്ന് വെട്ടി. രാഹുലിന്റെ കഴുത്തിനു മുറിവുപറ്റി. ഇതേത്തുടര്‍ന്ന് രാഹുലിനെ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.  മുറിവില്‍ അഞ്ച് സ്റ്റിച്ച് ഉണ്ട്. ഇടതുകൈത്തണ്ടിനു മുറിവു സംഭവിച്ചു. 18ന് വൈകുന്നേരം അഞ്ചുമണിക്ക് കരിങ്കുന്നം സ്റ്റേഷനില്‍ നിന്ന് പോലിസ് വന്ന് രാഹുലിനെയും എബിനേയും വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. രാഹുലിനെ എവിടെ കൊണ്ടുപോവുകയാണെന്നു ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജാക്കിയതാണെന്നു പറഞ്ഞു. എന്നാല്‍, ഡിസ്ചാര്‍ജ് ചെയ്തില്ലെന്ന് മാതാവ് പറയുന്നു. രാഹുലിനെ കരിങ്കുന്നം പോലിസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പിന്നാലെ സ്റ്റേഷനിലെത്തിയ ജയയോട് സ്റ്റേഷനി ല്‍ കേസുകളൊന്നുമില്ലെന്ന് അറിയിച്ചു. 19ന് വൈകീട്ട് അഞ്ചുമണിക്ക് കോടതിയില്‍ കൊണ്ടുപോയി. കോടതിയില്‍ നിന്നു റിമാന്‍ഡ് ചെയ്തു. ഇതുകാട്ടി തൊടുപുഴ ഡിവൈഎസ്പിക്കും കരിങ്കുന്നം പോലിസ് സ്റ്റേഷനിലും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഇതേവരെ ഉണ്ടായില്ലെന്ന് ജയ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ എബിന്റെ മാതാവ് വല്‍സല പങ്കെടുത്തു.

RELATED STORIES

Share it
Top