പോലിസ് ഭീകരത നിര്‍ത്തിയില്ലെങ്കില്‍ പ്രക്ഷോഭം: അബ്ദുല്‍ മജീദ് ഫൈസി
kasim kzm2018-04-19T09:32:46+05:30
കോഴിക്കോട്: യുവജന കൂട്ടായ്മകള്‍ ഏറ്റെടുത്തു നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്തവരെയും സഹകരിച്ചവരെയും 153 എ ചാര്‍ത്തി വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. 900ഓളം യുവാക്കളെ ഇതിനകം അറസ്റ്റ് ചെയ്തുകഴിഞ്ഞു. മുമ്പു നടന്ന പല ഹര്ത്താലുകളിലുമുണ്ടായത്ര അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരുന്നിട്ടും ഈ ഹര്‍ത്താലിന് മത വര്‍ഗീയ നിറം നല്കി യുവാക്കളെ അറസ്റ്റ് ചെയ്യുന്നതിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് കൂട്ടുനില്‍ക്കുന്ന നടപടികളില്‍ നിന്ന് ആഭ്യന്തര വകുപ്പ് പിന്തിരിയണമെന്നും നിരപരാധികളായ യുവാക്കളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.