പോലിസ് ഭീകരത ആര്‍എസ്എസ് വിധേയത്വത്തിന്റെ ഭാഗം: എസ്ഡിപിഐ

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലുള്ള പോലിസ് ഭീകരത, സിപിഎം തുടര്‍ന്ന് വരുന്ന ആര്‍എസ്എസ് വിധേയത്വത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്.
ഫാഷിസ്റ്റ് സംഘടനകളോട് മൃദു സമീപനവും പിന്നോക്ക ശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോട് വൈര്യനിര്യാതന ശൈലിയിലുമാണ് പോലിസ് പെരുമാറുന്നതെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മഹാരാജാസ് കോളജില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സജീവമായിരുന്ന വിഷയമായിരുന്നു അമൃത ഹോസ്പിറ്റല്‍ സംഭവം. പ്രണയിച്ചതിന്റെ പേരില്‍ ഇരുപതിലധികം പെണ്‍കുട്ടികളെ നിര്‍ബന്ധിത മാനസിക രോഗ ചികിത്സക്ക് വിധേയമാക്കി എന്ന റിപോര്‍ട്ടുകള്‍ നടുക്കത്തോടെയാണ് കേരളം കേട്ടത്. അതില്‍ ചില പെണ്‍കുട്ടികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ പോലിസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ശശിതരൂര്‍ എം പിയുടെ ഓഫിസിനും ഓഫിസ് ജീവനക്കാര്‍ക്കും നേരെ അക്രമം അഴിച്ച് വിട്ടവര്‍ക്കെതിരേ പോലിസ് കടുത്തനടപടികള്‍ എടുക്കാതെ ജാമ്യം നല്‍കി വിട്ടയച്ചതും സിപിഎമ്മിന്റെ സംഘപരിവാര വിധേയത്വം മൂലമാണ്. അതേസമയം ഹാദിയ കേസില്‍ വിവരങ്ങള്‍ അന്വേഷിക്കാനെന്ന് വിശദീകരിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിനെയും നേതാക്കളേയും പോലിസ് കസ്റ്റഡിയില്‍ തടഞ്ഞ് വയ്ക്കുകയുമുണ്ടായി.
മഹാരാജാസ് കോളജ് സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരുന്നതിന് പകരം അന്വേഷണത്തിന്റെ പേരില്‍ ജില്ലയിലുടനീളം വിവേചനത്തോടെ പക്ഷപാതപരമായാണ്് പോലിസിന്റെ നടപടികള്‍.
സിപിഎം ഓഫിസില്‍ നിന്നും കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങുന്നത്. പോലിസ് ഹാരാസ്‌മെന്റിലൂടെ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്നാണവര്‍ കരുതുന്നത്. അത് വെറും വ്യാമോഹം മാത്രമായി അവശേഷിക്കും. കാക്കിക്കുള്ളില്‍ കാവിക്കൊടിയും ചെങ്കൊടിയുമൊളിപ്പിച്ചുള്ള പോലിസ് നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷമീര്‍ മാഞ്ഞാലി, അജ്മല്‍ കെ മുജീബ്, സുല്‍ഫിക്കര്‍ അലി, ബാബു വേങ്ങൂര്‍, വി എം ഫൈസല്‍, സുധീര്‍ ഏലൂക്കര, റഷീദ് എടയപുറം, നാസര്‍ എളമന പങ്കെടുത്തു.

RELATED STORIES

Share it
Top