പോലിസ് പ്രതിയെ സംരക്ഷിക്കുന്നതായി ആരോപണം; ഇമാമുമാര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

നെടുമങ്ങാട്: മദ്‌റസാ അധ്യാപകനെ വിദ്യാര്‍ഥികള്‍ക്ക് മുന്നിലിട്ട് ആക്രമിച്ച കേസില്‍ പോലിസ് പ്രതിയെ സംരക്ഷിക്കുന്നതായി പരാതി. ഇമാമുമാര്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്് നടത്തിയതിനെ തുടര്‍ന്നാണ് ഒരുദിവസത്തിനുശേഷം പോലിസ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് ചുള്ളിമാനൂര്‍ ചാവറക്കോണില്‍ മദ്‌റസയില്‍ ക്ലാസ് എടുത്തുകൊണ്ടിരുന്ന അധ്യാപകന്‍ കിളിമാനൂര്‍ തട്ടത്തുമല സ്വദേശി മുഹമ്മദ് ഷാ(22)മൗലവിയെ സ്ഥലവാസിയായ അഷ്‌റഫ് മദ്‌റസക്കുള്ളില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ആക്രമിച്ചത്. മക്കളെ സമയം തെറ്റിച്ച് മദ്‌റസയില്‍ കൊണ്ടുവന്നത് ചോദിച്ചതില്‍ പ്രകോപിതനായിട്ടായിരുന്നു ആക്രമണം.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അധ്യാപകനെ നെടുമങ്ങാട് ജില്ലാആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ നെടുമങ്ങാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും പ്രദേശത്തെ ചില ഉന്നതരുടെ ഇടപെടല്‍ കാരണം പോലിസ് കേസെടുക്കാന്‍ തയ്യാറായില്ല.
ഇതില്‍ പ്രതിഷേധിച്ച് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇമാമുമാര്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാപ്രസിഡന്റ് മുഹിയുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
ഭരണപക്ഷത്തെ പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നതെന്ന് ഇമാമുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top