പോലിസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് തീരുമാനം

വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനായി ആര്‍ഡിഒ വിപി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഇതേവരെ നടന്ന അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. സംഭവങ്ങളില്‍ പോലിസ് നിഷ്പക്ഷ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു.
അക്രമസംഭവങ്ങളുടെ പാശ്ചാതലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്. സംഘര്‍ഷം മറ്റു പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ ഒരാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നിര്‍ത്തിവെക്കാന്‍ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലിസ് നടപടി ശക്തമാക്കിയതായി ഡിവൈഎസ്പി കെപി ചന്ദ്രന്‍ യോഗത്തെ അറിയിച്ചു.
പ്രതികളെ പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും പോലിസ് വ്യക്തമാക്കി. പരാതിയും, തെളിവുകളും രേഖാമൂലം നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് രാഷ്ട്രീയ നേതൃത്വം ഉപേക്ഷിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത്തരം സംഘര്‍ഷം മുതലെടുത്ത് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബാഹ്യ ശക്തികള്‍ ഇടപെടുന്നതായി വിവിധ കക്ഷികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പൊതു സ്ഥലങ്ങളില്‍ പ്രചരണ ബോര്‍ഡുകളും, കൊടി തോരണങ്ങളും സ്ഥാപിക്കുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. അറക്കിലാട് പ്രദേശത്ത് കൊടിതോരണങ്ങള്‍ സംബന്ധിച്ച പ്രശ്‌നമാണ് ബോംബേറടക്കമുള്ള അക്രമങ്ങളികേക് എത്തിച്ചത്.
സികെ നാണു എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടികെ രാജന്‍, വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ നളിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടിപി ഗോപാലന്‍, പികെ ദിവാകരന്‍, അഡ്വ.എം രാജേഷ് കുമാര്‍, പി സത്യനാഥന്‍, പിഎം അശോകന്‍, പുറന്തോടത്ത് സുകുമാരന്‍, സോമന്‍ മുതുവന, എംസി ഇബ്രാഹിം, ടിഎന്‍കെ ശശീന്ദ്രന്‍, പ്രദീപ് ചോമ്പാല, പി സോമശേഖരന്‍, കളത്തില്‍ ബാബു, കെ ചന്ദ്രന്‍, കടത്തനാട് ബാലകൃഷ്ണന്‍, സിപി ചന്ദ്രന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, സിഐ ടി മധുസൂദനന്‍ സംസാരിച്ചു.

RELATED STORIES

Share it
Top