പോലിസ് നിരുത്തരവാദപരമായി പെരുമാറുന്നു; വനിതാ കമ്മീഷന്‍

കാസര്‍കോട്്: പോലിസ് കൃത്യമായി റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ജില്ലയില്‍ പല കേസുകളും പരിഗണിക്കാന്‍ കഴിയുന്നില്ലെന്ന് വനിതാ കമ്മീഷന്‍. സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി കാസര്‍കോട് ജില്ലയില്‍ പോലിസ് എതിര്‍കക്ഷികളായും മറ്റും വരുന്ന കേസുകള്‍ കൂടുതലാണ്.
ഇതില്‍ റിപോര്‍ട്ട് തേടുന്ന പല കേസുകളിലും പോലിസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കൃത്യസമയത്ത് റിപോര്‍ട്ട് നല്‍കുന്നില്ലെന്ന് മാത്രമല്ല ഹാജരാകുന്നുമില്ല. ഇത് വനിതാ കമ്മീഷന്‍ ഗൗരവമായാണ് പരിഗണിക്കുന്നതെന്നു കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പോലിസ് റിപോര്‍ട്ട് സമര്‍പ്പിക്കാത്തതുകാരണം നാലു കേസുകള്‍ ഇന്നലെ തുടര്‍നടപടികള്‍ക്കായി പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഇതു നല്ല പ്രവണതയല്ല. സ്ത്രീപക്ഷ സൗഹൃദ സംസ്ഥാനമാണ് കേരളം. സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരും വനിതാ കമ്മീഷനും പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ പരാതിയില്‍ പോലിസ് കൃത്യമായ റിപോര്‍ട്ട് നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top