പോലിസ് നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം: സി ആര്‍ നീലകണ്ഠന്‍

കുറ്റിപ്പുറം: ദേശീയപാത സ്ഥലമേറ്റെടുക്കലിനെതിരേ പ്രതിഷേധവുമായെത്തിയ സാധാരണക്കാരായ ജനങ്ങളോട് പോലിസ് നടപ്പാക്കിയ രീതി ഭരണകൂടം കൈക്കൊണ്ടുകൊണ്ടിരിക്കുന്ന ധാര്‍ഷ്ഠ്യത്തിന്റെ തെളിവാണെന്നു സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. കുറ്റിപ്പുറത്തു ദേശീയപാത സ്ഥലമേറ്റെടുക്കലിനെതിരേ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായി സ്ഥലം സര്‍വേ ചെയ്യുമെന്ന വിജ്ഞാപനമിറക്കി ആരാന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി സ്ഥലം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു അവകാശവുമില്ല. ഓരോരുത്തര്‍ക്കും എത്ര സ്ഥലം വീതം നഷ്ടപ്പെടുന്നുവെന്നും അതിനു ആവശ്യമായ നഷ്ടപരിഹാരം എത്ര നല്‍കുമെന്നും അവരെ ബോധ്യപ്പെടുത്തിക്കൊണ്ടും പൂര്‍ണമായും വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ നടപടികള്‍ കൈക്കൊണ്ടും അത് അവരുമായി ചര്‍ച്ചചെയ്ത് ബോധ്യപ്പെടുത്തിക്കൊണ്ടും മാത്രമേ ഇത്തരം സര്‍വേ നടപടികളുമായി മുന്നോട്ടുപോകാവൂ. ഇതൊന്നും ആലോചിക്കാതെയും തീരുമാനിക്കാതെയും ഏകപക്ഷീയമായി അന്യരുടെ ഭൂമി അളന്നു കുറ്റിയടിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന വ്യഗ്രത തികഞ്ഞ ധിക്കാരപരമാണെന്നും നീലകണ്ഠന്‍ പറഞ്ഞു. മുപ്പത് മീറ്റര്‍ വീതില്‍ തന്നെ നാലുവരിപ്പാത സുഗമമമായി തീര്‍ക്കാനാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരിക്കെ പാതയ്ക്കായി 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നത് സ്വകാര്യ-കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടിയാണ്. സ്വകാര്യ വ്യക്തികള്‍ക്കു ബിഒടി വ്യവസ്ഥയില്‍ റോഡുണ്ടാക്കി പൊതുജനങ്ങളില്‍ നിന്നു ചുങ്കം പിരിച്ചു കോടികള്‍ കൊയ്യാന്‍ അവസരം ഉണ്ടാക്കുന്ന നയമാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top