പോലിസ് നടപടി ശക്തമാക്കിയതോടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് സ്ഥാനം ഉപേക്ഷിച്ച് അഡ്മിന്‍സ്

പട്ടാമ്പി: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരേ പോലിസ് നടപടി കര്‍ശനമാക്കിയതോടെ ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ചെയ്തു രക്ഷപ്പെടുകയാണ് അംഗങ്ങള്‍. വ്യാജ സന്ദേശം കൈയ്മാറിയ ഗ്രൂപ്പ് അഡ്മിനുകളെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്താന്‍ തുടങ്ങിയതോടെ ഗ്രൂപ്പുകള്‍ക്ക് തുടക്കം കുറിച്ചവരും അഡ്മിന്‍ സ്ഥാനം സ്വമേധയ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ്.
ഐടി ആക്ട് പ്രകാരം ശക്തമായ നടപടികളാണ് പോലിസ് സ്വീകരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാന സന്ദേശങ്ങളും അനുകൂല മെസ്സേജുകളും ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. തൃശൂര്‍ കേന്ദ്രികരിച്ചുള്ള എംപിആര്‍ കേരള ഒഫീഷല്‍ എന്ന ഗ്രൂപ്പ് അഡ്മിനോട് കോഴിക്കോട് നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. 51 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിനായ അബ്ദുര്‍ഹ്മാനോടും മറ്റ് അംഗങ്ങളോടുമാണ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലിസ് നിര്‍ദേശിച്ചിരിക്കുന്നത്.
അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍ന്നു നടന്ന അക്രമങ്ങളും വാട്‌സാപ്പ് കൂട്ടായ്മകളെ കൂടുതല്‍ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഹര്‍ത്താലിന് ശേഷം വര്‍ഗീയച്ചുവയുള്ള സന്ദേശങ്ങളുടെ പ്രവാഹം ചില വാട്‌സാപ്പ് കൂട്ടായ്മകളില്‍ ഏറിയിട്ടുണ്ട്. ഇതു വര്‍ഗീയ സംഘര്‍ഷങ്ങളിലേയ്ക്ക് നയിക്കുമെന്നുള്ള സൂചനകളും പോലിസിന് ലഭിച്ചു. സംസ്ഥാനത്ത് പലയിടത്തും അരങ്ങേറിയ അനിഷ്ടസംഭവങ്ങളില്‍ ഇത്തരം കൂട്ടായ്മകളുടെ പങ്ക് വ്യക്തമായതോടെയാണ് ഗ്രൂപ്പുകളിന്മേലുള്ള നിരീക്ഷണം ശക്തമാക്കിയത്. തുടര്‍ന്നാണ് പോലിസ് ഇവരോട് സ്‌റ്റേഷനില്‍ ഹാജരാന്‍ പറഞ്ഞത്.
ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കൊച്ചിയില്‍ ഇന്നലെ പോലിസ് തിരിച്ചറിഞ്ഞിരുന്നു. െ്രെകംബ്രാഞ്ചിന്റെ ഹൈടെക് സെല്ലാണ് കൊച്ചി സ്വദേശിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് അഹ്വാനം ചെയ്തുള്ള പോസ്റ്റ് ആദ്യം ഇട്ടതെന്നും ഇതാണ് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതെന്നും കണ്ടെത്തിയത്. ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
കൊച്ചി സ്വദേശിയെ കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച മറ്റ് 20 പേര്‍ കൂടി നിരീക്ഷണത്തിലാണ്. കൊച്ചി സ്വദേശിയുടെ പക്കല്‍നിന്ന് വര്‍ഗീയ ചേരിതിരിവിന് കാരണമാവുന്ന രീതിയിലുള്ള ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഹര്‍ത്താലില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമമുണ്ടായിരുന്നു. രണ്ടായിരത്തോളം പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമസമാധാന വിഷയം പരിഗണിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലിസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top