പോലിസ് നടപടിയില്‍ വീഴ്ചയുണ്ടായോ? പരിശോധിക്കും: ഡിജിപി

കൊച്ചി: ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വേങ്ങരയിലുണ്ടായ സംഘര്‍ഷത്തില്‍ പോലിസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇതിനായി ഐജിക്കു നിര്‍ദേശം നല്‍കിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
പോലിസ് മനുഷ്യത്വരഹിതമായി പെരുമാറിയിട്ടില്ലെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. വീട്ടില്‍ കയറി ആക്രമിച്ചോ എന്നൊക്കെ പരിശോധിക്കും. പോലിസ് എന്താണ് ചെയ്തതെന്ന കാര്യത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐജിയുടെ റിപോര്‍ട്ട് കിട്ടിയതിനു ശേഷം വേണ്ടത് ചെയ്യും.
പോലിസ് നടപടികളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണവും നടപടിയും സ്വീകരിക്കുക.  വേങ്ങരയിലെ സംഭവത്തിനു പിന്നില്‍ തീവ്രവാദ സാന്നിധ്യമുണ്ടോ എന്നതു സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു. കോട്ടയത്ത് നടന്ന പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സമ്മേളനത്തില്‍ ഒരുകൂട്ടം പോലിസുകാര്‍ ചുവന്ന ഷര്‍ട്ട് ധരിച്ച് പങ്കെടുത്തത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
കൊല്ലത്തെ രാജേഷിന്റെ കൊലപാതകം സംബന്ധിച്ച് പോലിസ് അന്വേഷണം നടത്തിവരുകയാണ്. കേസ് തെളിയിക്കുമെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top