പോലിസ് നടപടിക്ക് പിന്നില്‍ ജനകീയ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം

തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ നടന്ന കൊലപാതകത്തെ മറയാക്കി എസ്ഡിപിഐക്കെതിരേ ആഭ്യന്തരവകുപ്പ് നടപടി ശക്തമാക്കിയതിന് പിന്നില്‍ സര്‍ക്കാരിന് തലവേദനയായ ജനകീയ പ്രക്ഷോഭങ്ങളെന്ന് വിലയിരുത്തല്‍. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് നടപടി.
ഗെയില്‍ വിരുദ്ധ സമരം, നാലുവരി പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭം, പാലിയേക്കര ടോള്‍ വിരുദ്ധ സമരം, വടയമ്പാടിയിലെ ജാതിമതിലിനെതിരായി നടന്ന സമരങ്ങളില്‍ നേതൃപരമായ പങ്കാളിത്വമാണ് എസ്ഡിപിഐ വഹിച്ചുവരുന്നത്്.
മാത്രമല്ല  സംസ്ഥാനത്ത് ശക്തി പ്രാപിച്ചുവരുന്ന ദലിത് അവകാശ പ്രക്ഷോഭങ്ങള്‍, മിച്ച ഭൂമിസമരത്തിലും സര്‍ക്കാരിന്റെ സമ്മര്‍ദങ്ങളെയും ഭീഷണിയെയും അവഗണിച്ച് എസ്ഡിപിഐ ശക്തമായി ഇടപെട്ടിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് ഇടത് സര്‍ക്കാരിന് സൃഷ്ടിച്ചിരുന്നത്. മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമടക്കം ഇക്കാര്യം പലതവണ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കിട്ടിയ അവസരം മുതലാക്കി പാര്‍ട്ടിപ്രവര്‍ത്തകരെ വേട്ടയാടി നിശബ്ദമാക്കാനുള്ള പദ്ധതി അണിയറയില്‍ ഒരുങ്ങുന്നത്.
പുതിയ സാഹചര്യം മുതലെടുത്ത് ജനകീയ പ്രക്ഷോഭങ്ങളില്‍ നേതൃത്വം നല്‍കിയവരെ പിടികൂടണമെന്ന നിര്‍ദേശം ജില്ലാ പോലിസ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയതായാണ് വിവരം. സിഐമാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ജനകീയപ്രക്ഷോഭങ്ങളില്‍ മുന്നില്‍നില്‍ക്കുന്നവരെയാണ് പ്രധാനമായും ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.
കസ്റ്റഡിയിലെടുത്തവരെ സംബന്ധിച്ച് വിവരം സ്റ്റേഷനുകളില്‍ അന്വേഷിക്കുമ്പോള്‍ മുകളില്‍നിന്നുള്ള ഉത്തരവാണെന്നും കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നുമാണ് സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ നല്‍കുന്ന മറുപടി.
ഇതില്‍നിന്നും തന്നെ ഉന്നതതലത്തില്‍ നടക്കുന്ന കൃത്യമായ പദ്ധതിയുടെ ഭാഗമായാണ് പോലിസ് നടപടിയെന്ന് വ്യക്തമാവുന്നു.

RELATED STORIES

Share it
Top