പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ എസ്ഡിപിഐ റാലിയില്‍ പ്രതിഷേധമിരമ്പി

ആലപ്പുഴ: മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പോലിസ് തേര്‍വാഴ്ചക്കെതിരെ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധമിരമ്പി. ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യത്തോടെ പോലിസിനെ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന തേര്‍വാഴ്ച്ചക്കെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല റാലിയിലാണ് വന്‍ ജനപങ്കാളിത്തത്താല്‍ പ്രതിഷേധം ഇരമ്പിയത്. വൈകീട്ട് അഞ്ചിനു സക്കരിയ ബസാറില്‍ നിന്നാരംഭിച്ച റാലി നഗരചത്വരത്തില്‍ സമാപിച്ചു.
ജില്ലാ സെക്രട്ടറി ഇബ്രാഹീം വണ്ടാനം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.പാര്‍ട്ടി സര്‍ക്കുലര്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേട് കേരളാ പോലിസിന് നാണക്കേടാണ്. അതില്‍ നിന്നും പോലിസ് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐയെ ഏകപക്ഷീയമായി കടന്നാക്രമിക്കുന്നതില്‍ നിന്നും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും പിന്മാറണം. സംസ്ഥാനത്തുടനീളം എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അനാവശ്യമായി കടന്നുചെന്ന് ഭീതി സൃഷ്ടിക്കുന്ന രീതി പോലിസ് അവസാനിപ്പിക്കണം.
സംഭവത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നത്. അധികാരം ഉപയോഗിച്ച് എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ തടയിടാനുള്ള സിപിഎം അജണ്ടയാണ് പോലിസ് ഭീകരതയിലൂടെ വെളിവാകുന്നത്. ഇത് അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സിയാദ് മണ്ണാമുറി, സിറാജ് കൊല്ലകടവ്, ഷാനവാസ് മാന്നാര്‍, റിയാസ് ഹരിപ്പാട്, നവാസ് കായംകുളം, സമീര്‍, അന്‍സില്‍, സുധീര്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി. പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

RELATED STORIES

Share it
Top