പോലിസ് തലപ്പത്ത് അഴിച്ചുപണി; ഋഷിരാജ് സിങ് ജയില്‍ മേധാവി; ബെഹ്‌റക്ക് അഗ്നിശമനസേനയുടെ ചുമതല

തിരുവനന്തപുരം: പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി ഋഷിരാജ് സിങ് ഐപിഎസിനെ ജയില്‍ മേധാവിയായി നിയമിച്ചു. നിലവില്‍ ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ അഗ്നിശമനസേനാ മേധാവി. അനില്‍കാന്തിനെ ബറ്റാലിയന്‍ എഡിജിപിയായും നിയമിച്ചു. സര്‍ക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിനു പകരമായാണ് അനില്‍കാന്തിനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയത്.
വിന്‍സന്‍ എം പോള്‍ ഒഴിഞ്ഞ വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിയെ കൊണ്ടുവന്നിരുന്നു. ആംഡ് ബറ്റാലിയന്‍ എഡിജിപിയായിരുന്ന ഋഷിരാജ് സിങിനു വിന്‍സന്‍ എം പോള്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്.
അതേസമയം, ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് അഗ്നിശമനസേനാ മേധാവിയായി മാറ്റിയതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചു. നിയമനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. ജയിലില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയുണ്ടായ മാറ്റം നീതികേടാണെന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു.
അഗ്നിശമനസേനാ കമാന്‍ഡന്റായി നിയമിതനാവുന്നതോടെ ഡിജിപി റാങ്കുണ്ടെങ്കിലും എഡിജിപിയുടെ ശമ്പളമേ ലഭിക്കൂ. ഒപ്പം നിലവില്‍ ജയില്‍ മേധാവിയായിരുന്ന തന്നെ തരംതാഴ്ത്തിയെന്ന പരാതിയും ബെഹ്‌റയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ബെഹ്‌റ അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. നിയമന ഉത്തരവ് ലഭിച്ചാല്‍ ഉടനെ അവധിയില്‍ പ്രവേശിക്കാനാണ് തീരുമാനം.
ഡിജിപി റാങ്കിലുള്ളവരെ നിയമിക്കേണ്ട വിജിലന്‍സ് തസ്തികയില്‍ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. നാലു ഡിജിപി തസ്തികകളാണ് കേരളത്തിലുള്ളത്. ക്രമസമാധാനവും വിജിലന്‍സുമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേഡര്‍ തസ്തികകള്‍. പോലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലും ജയില്‍ മേധാവിയായും മറ്റു രണ്ടു ഡിജിപിമാരുമുണ്ട്.
അതിനാല്‍, കേന്ദ്രം അംഗീകരിക്കാത്ത തസ്തികയായ ഫയര്‍ഫോഴ്‌സ് മേധാവിക്ക് ഡിജിപിയുടെ ശമ്പളം ലഭിക്കില്ല. കേന്ദ്ര നിബന്ധനകള്‍ പാലിക്കാതെ സര്‍ക്കാര്‍ നിയമനം നല്‍കിയ മൂന്നു മുന്‍ ഡിജിപിമാര്‍ക്ക് ഇപ്പോഴും അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

RELATED STORIES

Share it
Top