പോലിസ് ഡ്രൈവറെ മര്‍ദിച്ച സംഭവം; യുവതിയുടെ അറസ്റ്റ് ഉടന്‍ വേെണ്ടന്ന നിലപാടില്‍ അന്വേഷണ സംഘം

തിരുവനന്തപുരം: പോലിസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ നീക്കം. തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപ്പിച്ചെങ്കിലും അനുകൂല ഉത്തരവു ലഭിച്ചില്ല. അറസ്റ്റ് തടയാനാവില്ലെന്നു കോടതി വ്യക്തമാക്കുകയും ചെയ്തു. കേസിന്റെ തുടര്‍ നടപടികളിലേക്കു കടക്കുന്നതില്‍ അന്വേഷണ സംഘം നേരിടാന്‍ സാധ്യതയുണ്ടായിരുന്ന സാങ്കേതികവും നിയമപരവുമായ എല്ലാ തടസ്സങ്ങളും ഇതോടെ നീങ്ങി. എന്നാല്‍ ഉടനെ അറസ്റ്റ് വേണ്ടെന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവില്‍ ചുമത്തിയ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.
പൊതുസ്ഥലത്തു വച്ച് അസഭ്യം പറയുക, ഡ്യൂട്ടിയിലുള്ള ഓഫിസറുടെ ജോലി തടസ്സപ്പെടുത്തി മര്‍ദിക്കുക തുടങ്ങിയ വകുപ്പുകളാണു യുവതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ ജാമ്യമില്ലാ കുറ്റമാണെങ്കിലും നാലു വര്‍ഷത്തിനു താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വകുപ്പാണ്. ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെടുന്ന സ്ത്രീകളുടെ അറസ്റ്റ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന ചില കോടതിനിരീക്ഷണങ്ങളും അന്വേഷണ സംഘത്തിന് കച്ചിത്തുരുമ്പായുണ്ട്.
ഗവാസ്‌കറിന്റെ ഹരജി പരിഗണിക്കുന്നതു ഹൈക്കോടതി 19ലേക്കു മാറ്റിയതോടെ അന്വേഷണത്തിനു കൂടുതല്‍ സമയം ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. അതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം പ്രതി ചേര്‍ത്തു കോടതിയില്‍ റിപോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണു നിലവിലെ തീരുമാനം.
കഴിഞ്ഞ ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം. പ്രഭാതസവാരിക്കായി എഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ സുദേഷ് കുമാറിന്റെ ഭാര്യയെയും മകെളയും കനകക്കുന്നില്‍ എത്തിച്ചതു ഗവാസ്‌കറായിരുന്നു. ഇവിടെ വച്ച് സ്‌നിഗ്ധ ഗവാസ്‌കറെ അസഭ്യം പറയുകയും മൊബൈല്‍ ഫോ ണ്‍ കൊണ്ട് കഴുത്തില്‍ മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗവാസ്‌കറിന് രണ്ടാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

RELATED STORIES

Share it
Top