പോലിസ് ഡ്രൈവര്‍ക്ക് മര്‍ദനം: കേസ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു

തിരുവനന്തപുരം: പോലിസ് ഡ്രൈവറെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. മര്‍ദനമേറ്റ പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കിയ പരാതി കളവെന്ന് വരുത്തിത്തീര്‍ക്കാന്‍ എഡിജിപി നടത്തിയ ശ്രമം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊളിഞ്ഞു.
സംഭവദിവസം എഡിജിപിയുടെ മകളും ഭാര്യയും സഞ്ചരിച്ച വാഹനം ഓടിച്ചത് പരാതിക്കാരനായ ഗവാസ്‌കറല്ലെന്ന് വരുത്താനായിരുന്നു നീക്കം. ഇതിനായി ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തി മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് എഴുതിച്ചേര്‍ത്തു. എന്നാല്‍, രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി എഡിജിപി പേരെഴുതിയ പോലിസ് ഡ്രൈവര്‍ ക്രൈംബ്രാഞ്ചിനോട് സത്യം വെളിപ്പെടുത്തിയതോടെ അട്ടിമറിശ്രമം പൊളിഞ്ഞു.
ഗവാസ്‌കറിനെ ആക്രമിച്ച ദിവസം എഡിജിപിയുടെ വാഹനം ഓടിച്ചിരുന്നത് ജയ്‌സണ്‍ എന്ന പോലിസ് ഡ്രൈവര്‍ ആണെന്നായിരുന്നു ഔദ്യോഗിക വാഹനത്തിലെ ഡ്യൂട്ടിരേഖയില്‍ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച് കേസ് അട്ടിമറിക്കാനായിരുന്നു സുദേഷ് കുമാറിന്റെ നീക്കം. എന്നാല്‍, വാഹനം താന്‍ ഓടിച്ചത് രാവിലെ 9.30നു ശേഷമാണെന്നും വാഹനം എടുത്തത് ആശുപത്രിയില്‍ നിന്നാണെന്നും ജയ്‌സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരുന്നു വാഹനം ആശുപത്രിയില്‍ നിന്ന് ജയ്‌സണ്‍ എടുത്തത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും കനകക്കുന്നില്‍ കൊണ്ടുവന്ന വാഹനം ഓടിച്ചത് ഗവാസ്‌കറാണെന്നും ജയ്‌സന്റെ മൊഴിയിലുണ്ട്.
വാഹന രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ബോധ്യമായതോടെ ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനം കസ്റ്റഡിയിലെടുത്തു. എഡിജിപിയുടെ മകളുടെ കാലില്‍ ഗവാസ്‌കര്‍ വാഹനം കയറ്റിയെന്ന ആരോപണം കളവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന കനകക്കുന്ന് റോഡില്‍ ക്രൈംബ്രാഞ്ച് ഗവാസ്‌കറെ എത്തിച്ചു തെളിവെടുത്തു. വാഹനം ഇടിച്ചതിന്റെ യാതൊരു തെളിവുമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലും വ്യക്തമായി.
അതേസമയം, കേസില്‍ പോലിസ് ഇപ്പോഴും മെല്ലെപ്പോക്ക് തുടരുകയാണ്. എഡിജിപിയുടെ വാഹനം കടന്നുപോയ സ്ഥലങ്ങളിലെ കാമറാ ദൃശ്യങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. കേസ് അട്ടിമറിക്കാന്‍ നേരത്തെയും ശ്രമം നടന്നിരുന്നു. പോലിസ് ജീപ്പ് കാലില്‍ കയറിയാണ് പരിക്കേറ്റതെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പില്‍ എഡിജിപിയുടെ മകള്‍ പറഞ്ഞത്. എന്നാല്‍, ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ നല്‍കിയ വിവരം.
തെളിവുകളെല്ലാം എഡിജിപിക്കും മകള്‍ക്കുമെതിരായിട്ടും അറസ്റ്റിന് തയ്യാറാകാതെ മുന്‍കൂര്‍ ജാമ്യത്തിന് അവസരം ഒരുക്കുന്നതായാണ് ആക്ഷേപം. അതേസമയം, അന്വേഷണ പുരോഗതി അതത് ദിവസം ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറുന്നുണ്ട്.

RELATED STORIES

Share it
Top