പോലിസ് ഡ്രൈവര്‍ക്കു മര്‍ദനം; നിയമോപദേശം തേടാനൊരുങ്ങി അന്വേഷണസംഘം

തിരുവനന്തപുരം: എഡിജിപി സുദേശ്കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദിച്ച കേസിലെ തുടര്‍നടപടികള്‍ സംബന്ധിച്ച് നിയമോപദേശം തേടാനൊരുങ്ങി അന്വേഷണസംഘം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നാവും നിയമോപദേശം തേടുക. അന്വേഷണസംഘം ഇതിനോടകം എത്തിച്ചേര്‍ന്ന കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്ഥിതിവിവര റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനൊപ്പം നിയമോപദേശവും തേടാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്.
സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ധ പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരേ നല്‍കിയ പരാതിയിലും ഗവാസ്‌കര്‍ സ്‌നിഗ്ധയ്‌ക്കെതിരേ നല്‍കിയ പരാതിയിലും അറസ്റ്റ് വേണ്ടതുണ്ടോ എന്നതിലാണ് അന്വേഷണസംഘം വ്യക്തത തേടുന്നത്. സ്ത്രീകള്‍ പ്രതികളായ കേസുകളില്‍ ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളാണെങ്കില്‍ ഉടനടി അറസ്റ്റ് വേണ്ടതില്ലെന്ന് കോടതി വിധികളുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇതില്‍ വ്യക്തത വരുത്തുകയാണു ലക്ഷ്യം. കേസിന്റെ സ്ഥിതിവിവര റിപോര്‍ട്ട് രണ്ടുദിവസത്തിനകം തന്നെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് എത്തിച്ചു നല്‍കും. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം ലഭ്യമായ മൊഴികള്‍, അതിലെ പൊരുത്തക്കേടുകള്‍ എന്നിവ ഉള്‍പ്പെട്ടതാവും സ്ഥിതിവിവര റിപോര്‍ട്ട്.
അതേസമയം, ഗവാസ്‌കര്‍ക്കെതിരായുള്ള എഡിജിപിയുടെ മകളുടെ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍, ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. ഗവാസ്‌കര്‍ മനപ്പൂര്‍വം പോലിസ് ജീപ്പ് കാലില്‍ കയറ്റി പരിക്കേല്‍പ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍, ആശുപത്രി രേഖയിലും പരാതിയിലും പൊരുത്തക്കേടുകളുണ്ടെന്ന്് അന്വേഷണത്തില്‍ കണ്ടെത്തി. കാലില്‍ പരിക്കില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കി. വാഹനം ഇടിച്ചതിന്റെ സൂചനയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞു. മാത്രമല്ല, കേസ് അട്ടിമറിക്കാന്‍ വാഹനം ഓടിച്ചയാളെ തന്നെ മാറ്റാനുള്ള ശ്രമം എഡിജിപിയുടെ നേതൃത്വത്തില്‍ നടന്നതായും കണ്ടെത്തി. ഇതെല്ലാം പരിഗണിച്ചാണ് കള്ളപ്പരാതിയെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്.
ഗവാസ്‌കര്‍ പരാതി നല്‍കുമെന്ന് ഉറപ്പായതോടെ എഡിജിപി തന്നെ മുന്‍കൈയെടുത്ത് മകളെക്കൊണ്ട് ഗവാസ്‌കര്‍ക്കെതിരേ പരാതി ഫയല്‍ ചെയ്യിപ്പിക്കുകയായിരുന്നു. അതേസമയം, സംഭവം നടന്ന രണ്ടാഴ്ചയാവുമ്പോഴും എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകുകയാണ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ അവസരമൊരുക്കാനാണ് ആദ്യം നീക്കമുണ്ടായതെങ്കിലും കേസ് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

RELATED STORIES

Share it
Top