പോലിസ് ജീപ്പില്‍ നിന്നു പ്രതിയെ സിപിഎം ബലമായി മോചിപ്പിച്ചു

പേരാമ്പ്ര: വിഷുവിനോടനുബന്ധിച്ച് പേരാമ്പ്രയില്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വീടാക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരുസംഘം പേരാമ്പ്ര ടൗണില്‍വെച്ച് പോലിസ് ജീപ്പ് തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു.
പേരാമ്പ്ര മരുതേരി സ്വദേശി സുധാകരനെയാണ് പേരാമ്പ്ര എഎസ്—ഐ അഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് സിപിഎം, ഡിവൈഎഫ്—ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു.മെയ്ദിനറാലിക്കെത്തിയ പ്രവര്‍ത്തകരാണ് പ്രതിയെ മോചിപ്പിച്ചത്. കൂത്താളിയില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോലിസ് സേന മുഴുവനും അവിടെയായിരുന്നതിനാല്‍  പോലിസ് കുറവായിരുന്നു. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അതിക്രമം കാണിച്ചതിനും കണ്ടാല്‍ അറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. പ്രതികള്‍ക്കായ് രാത്രി നടത്തിയ തെരച്ചിലില്‍ ആരെയും പിടികൂടാനായില്ല. ഇതിനിടെ സംഭവത്തിലെ ഗൗരവം കണക്കിലെടുത്ത് സിപിഎം നേതാക്കള്‍ ഇടപെട്ട് പ്രതിയെ ബുധനാഴച കാലത്ത് സ്റ്റേഷനില്‍ ഹാജരാക്കി. ഭരണസ്വാധീനത്തില്‍ സ്റ്റേഷനില്‍ നിന്ന്ജാമ്യമെടുക്കാന്‍ ശ്രമിച്ചത് വിഫലമാവുകയും ചെയ്തു.പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top